ബ്യൂണസ് ഏറീസ്: ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്റീനാ ജെഴ്‌സിയിലെ കരിയറിന് വിരാമമിട്ട് ഗോണ്‍സാലോ ഹിഗ്വയ്ൻ.  ഇനി അന്താരാഷ്ട്ര ഫുട്‌ബോളില്‍ കളിക്കാനില്ലെന്നും ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്നും 31-കാരനായ സ്‌ട്രൈക്കര്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അര്‍ജന്റീനാ താരം വ്യക്തമാക്കി. 

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ താരമാണ് ഹിഗ്വയ്ൻ. യുവന്റസില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഹിഗ്വായ്ൻ ചെല്‍സിയില്‍ കളിക്കുന്നത്. 

'ഇത് അവസാനിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. വളരെ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ എന്റെ സമയം എത്തിയിരിക്കുന്നു എന്നാണ് തോന്നുന്നത്. എന്റെ കുടുംബത്തോടൊപ്പം സമയം ആസ്വദിക്കണം. ഞാന്‍ അവിടെയുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് വേവലാതിപ്പെടുന്നത് ഇനി നിങ്ങള്‍ക്ക് അവസാനിപ്പിക്കാം' ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹിഗ്വയ്ൻ പറയുന്നു. 

2009-ല്‍ അര്‍ജന്റീനയുടെ ദേശീയ ടീമിലെത്തിയ താരം 75 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ ഗോള്‍ നേടിയയാരുന്നു അരങ്ങേറ്റം. മൂന്ന് ലോകകപ്പിലായി അര്‍ജന്റീനക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2010-ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ്, 2014-ലെ ബ്രസീല്‍ ലോകകപ്പ്, 2018-ലെ റഷ്യ ലോകകപ്പ്. 2014-ല്‍ അര്‍ജന്റീന ഫൈനലിലെത്തിയപ്പോഴും ഹിഗ്വയ്ൻ ടീമംഗമായികുന്നു. ഹിഗ്വയ്ന്റെ ഒറ്റ ഗോളിലാണ് അന്ന് ബെല്‍ജിയത്തെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിഫൈനലിലെത്തിയത്. 24 വര്‍ഷത്തിന് ശേഷമായിരുന്നു അര്‍ജന്റീനയുടെ സെമിപ്രവേശം. അര്‍ജന്റീനയക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആറാമത്തെ താരം കൂടിയാണ് ഹിഗ്വയ്ൻ.  

ഫ്രാന്‍സിലെ ബ്രെസ്റ്റില്‍ ജനിച്ച ഹിഗ്വയ്ന്റെ അച്ഛന്‍ ലോക്കല്‍ ക്ലബ്ബിലെ ഫുട്‌ബോള്‍ താരമായിരുന്നു. 2006-ല്‍ ഫ്രാന്‍സില്‍ കളിക്കാന്‍ ഹിഗ്വയ്ന് അവസരം ലഭിച്ചിരുന്നു. പരിശീലകന്‍ റെയ്മണ്ട് ഡോമിനെച്ച് ഹിഗ്വെയ്‌നെ ടീമിലേക്ക് വിളിച്ചതാണ്. എന്നാല്‍ അര്‍ജന്റീനക്കായി കളിക്കാനാണ് തന്റെ ആഗ്രഹമെന്ന് ഹിഗ്വയ്ൻ വ്യക്തമാക്കുകയായിരുന്നു. 

ബെല്‍ജിയത്തിനെതിരേ ഹിഗ്വയ്ൻ നേടിയ ഗോള്‍

Content Highlights: Gonzalo Higuain retires from Argentina national team