പഞ്ച്കുല: ഐ-ലീഗില്‍ വീണ്ടും ഗോകുലം എഫ്.സിയുടെ വിജയക്കുതിപ്പ്. കരുത്തരായ മോഹന്‍ ബഗാനേയും ഈസ്റ്റ് ബംഗാളിനേയും കീഴടക്കിയതിന് പിന്നാലെ ഗോകുലം മിനവര്‍യേയും വീഴ്ത്തി. ഐ-ലീഗില്‍ മിന്നുന്ന ഫോമിലുള്ള മിനര്‍വയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കീഴടക്കിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോകുലത്തിന്റെ ഗോള്‍ വന്നത്. തുടര്‍ച്ചയായ മൂന്നു വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു.

നിര്‍ഭാഗ്യത്തേയും പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തേയും മറികടന്നായിരുന്നു കേരള ക്ലബ്ബിന്റെ വിജയം. ആദ്യ പകുതിയില്‍ മോസയുടെ ത്രോയില്‍ നിന്ന് മിനർവ താരം ഡാനോ പന്ത് കൈകൊണ്ട് തൊട്ടെങ്കിലും റഫറി പെനാല്‍റ്റി നല്‍കിയില്ല.

പിന്നീട് രണ്ടാം പകുതിയില്‍ ഗോകുലത്തിന്റെ മൂന്ന് അവസരങ്ങള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. അവസാനം 75-ാം മിനിറ്റില്‍ ഹെൻ​റി കിസേക്കയുടെ ബൈസിക്കിള്‍ കിക്ക് ഗോകുലത്തിന്റെ രക്ഷക്കെത്തുകയായിരുന്നു.

Content Highlights: Gokulm FC Beats Minerva Punjab I League Football