ഗോകുലം ടീം അംഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്ന പരിശീലക പി.വി.പ്രിയ
കോഴിക്കോട്: വനിതാ ഫുട്ബോളില്‍ കേരളത്തിന് പുതിയ മേല്വിലാസമുണ്ടാക്കുകയാണ് ഗോകുലം കേരള എഫ്.സി. ടീം. വനിതാ ഫുട്ബോള്‍ ലീഗ് ഫൈനലില്‍ കടന്നതോടെ ടീമിന് ചരിത്രനേട്ടവും സ്വന്തമായി. ഇനി ടീമിനും കപ്പിനുമിടയില്‍ മണിപ്പുര്‍ ക്ലബ്ബ് ക്രിപ്സ മാത്രം. സമീപകാലത്തൊന്നും വനിതാ ഫുട്ബോളില്‍ കേരളത്തിന് പറയത്തക്ക നേട്ടങ്ങളില്ല. വിവിധ പ്രായപരിധിയിലെ ടൂര്‍ണമെന്റില്‍ കിരീടവിജയങ്ങളുമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആധിപത്യത്തിനിടയില്‍ കേരളത്തിന്റെ മേല്‍വിലാസം പതിയെ മായാന്‍ തുടങ്ങിയിരുന്നു. അതിനിടെയാണ് പ്രൊഫഷണലിസം കൊണ്ട് ഗോകുലം വിജയമാതൃക തീര്‍ക്കുന്നത്.
എതിരാളികള്‍ക്കുമേല്‍ വലിയ വിജയങ്ങളോടെയാണ് ഗോകുലം വനിതാ ടീം കിരീടപോരാട്ടത്തിലേക്കെത്തിയത്. ഐ ലീഗില്‍ കളിക്കുന്ന ടീമുകളില്‍ വനിതാ ടീമുള്ള ഏക ക്ലബ്ബായ ഗോകുലം ഇതുവരെ 31 ഗോളുകള്‍ ടൂര്‍ണമെന്റില്‍ നേടിക്കഴിഞ്ഞു. ഫൈനല്‍ റൗണ്ടില്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് (5-1), ഒഡിഷ പോലീസ് (7-0), ശ്രീഭൂമി എഫ്.സി. (1-0), കേങ്ക്ര എഫ്.സി. (10-1), ബിദേഷ് എഫ്.സി. (5-0) ടീമുകളാണ് തകര്‍ന്നുവീണത്. സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സേതു എഫ്.സിയെ 3-0നും തോല്‍പ്പിച്ചു. മുന്‍ ഇന്ത്യന്‍ പരിശീലകയും കണ്ണൂര്‍ സ്വദേശിനിയുമായ പി.വി. പ്രിയയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. യോഗ്യതാ റൗണ്ടിലടക്കം 18 ഗോള്‍ നേടിയ നേപ്പാളി സ്ട്രൈക്കര്‍ സബിത്ര ഭണ്ഡാരിയാണ് ടീമിന്റെ ശക്തി. ഹാട്രിക് നേടിയ മുന്‍ ഇന്ത്യന്‍ താരം കമലാദേവി, കരിഷ്മ എന്നിവരും ഗോള്‍വേട്ടയില്‍ ടീമിന് കരുത്തായി.
Content Highlights: gokulam women's team reaches final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..