Photo: twitter.com/GokulamKeralaFC
കൊല്‍ക്കത്ത: കരുത്തരായ എതിരാളി, എതിര്‍ടീമിന്റെ ജയത്തിനായി ആര്‍ത്തിരമ്പുന്ന കാണികള്‍, പ്രധാന കളിക്കാരുടെ സസ്‌പെന്‍ഷന്‍. ഐ ലീഗ് കിരീടം നിലനിര്‍ത്താനുള്ള നിര്‍ണായകമത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് മുന്നിലുള്ള പ്രതിബന്ധങ്ങള്‍ ചില്ലറയല്ല. ശനിയാഴ്ച 'ഫൈനല്‍' പോരാട്ടത്തില്‍ കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സിനെതിരെ സമനില നേടിയാല്‍ കേരള ക്ലബ്ബിന് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കാം. രാത്രി ഏഴ് മണിക്കാണ് മത്സരം.
17 കളിയിലായി ഗോകുലത്തിന് 40 പോയന്റും മുഹമ്മദന്‍സിന് 37 പോയന്റുമുണ്ട്. തോല്‍ക്കാതിരുന്നാല്‍ ഗോകുലം ചാമ്പ്യന്‍മാരാകും. തോറ്റാല്‍ ഇരുടീമുകള്‍ക്കും തുല്യ പോയന്റാകും. അങ്ങനെ വന്നാല്‍ പരസ്പരം കളിച്ചതിലെ പോയന്റാണ് പരിഗണിക്കുക. ആദ്യഘട്ടത്തില്‍ ഇരുടീമുകളും സമനിലയിലായിരുന്നു. ജയം നേടിയാല്‍ മുഹമ്മദന്‍സിന് അനുകൂലമാകുന്ന ഘടകവുമിതാണ്.
നിര്‍ണായക പോരാട്ടം നടക്കുന്ന സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ 30,000-ഓളം കാണികളുണ്ടാകുമെന്നത് ഗോകുലത്തിന് തിരിച്ചടിയാകും. കിരീട പോരാട്ടമായതിനാല്‍ പരമാവധി ആരാധകരെ എത്തിക്കാനാണ് മുഹമ്മദന്‍സ് ക്ലബ്ബിന്റെ ശ്രമം. ആര്‍ത്തിരമ്പുന്ന മുഹമ്മദന്‍സ് ആരാധകര്‍ക്ക് മുന്നില്‍ കളിക്കേണ്ടിവരുമെന്നത് ഗോകുലത്തിന് പ്രതിസന്ധി സൃഷ്ടിക്കും.
നിര്‍ണായക മത്സരത്തില്‍ ഗോകുലത്തിന് രണ്ട് പ്രധാന താരങ്ങളുടെ സേവനം ലഭിക്കില്ല. സസ്പെന്‍ഷന്‍ മൂലം നായകന്‍ ഷെരീഫ് മുഹമ്മദ്, ജിതിന്‍ എന്നിവര്‍ക്ക് കളിക്കാനാവില്ല. ഷെരീഫിന് പകരം റിഷാദും ജിതിന് പകരം ശ്രീക്കുട്ടനുമാകും ആദ്യ ഇലവനിലെത്തുക.
കഴിഞ്ഞ മത്സരത്തില്‍ ശ്രീനിധി ഡെക്കാനോട് തോറ്റതാണ് ഗോകുലത്തിന് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. ആ മത്സരത്തില്‍ സമനില നേടിയിരുന്നെങ്കില്‍ ഗോകുലം ചാമ്പ്യന്‍മാരാകുമായിരുന്നു.
Content Highlights: Gokulam Kerala vs Mohammedan SC I-League final day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..