കേരളത്തില്‍ നിന്ന് പ്രൊഫഷണലിസത്തിന്റെ വഴിയില്‍ അരക്കൈ നോക്കാന്‍ ഇറങ്ങുന്ന മൂന്നാമനാണ് ഗോകുലം. എഫ്.സി. കൊച്ചിനാണ് കൊമ്പും കുഴലുമായി എഴുന്നള്ളിയ കന്നിക്കാര്‍. രണ്ടാമൂഴം കോടികളുടെ പളപ്പില്‍ വന്ന ബ്ലാസ്‌റ്റേഴ്‌സിന്റേത്. എഫ്.സി. കൊച്ചിന്‍ ഇന്നൊരു വിദൂരസ്മരണയാണ്. ബ്ലാസ്‌റ്റേഴ്‌സ് അനുദിനം നിറംമങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്നൊരു പ്രതിഭാസവും. തലയെടുപ്പുള്ള മുന്‍ഗാമികളെപ്പോലെ അത്രയൊന്നും മേനി നടിക്കാതെയായിരുന്നു മൂന്നാമനായി കോഴിക്കോട്ട് ഗോകുലത്തിന്റെ അരങ്ങേറ്റം. ആദ്യത്തെ രണ്ടുപേരും ഇളകിയാടുന്ന കാലത്ത് കേരളം ചോദിച്ച ഒരു ചോദ്യമുണ്ട്. കേരള ഫുട്‌ബോളിനെ പഴയ പ്രതാപകാലത്തേയ്ക്ക് തിരിച്ചുകൊണ്ടുപോകാനാവുമോ? ചുരുങ്ങിയ പക്ഷം ഐ.എം. വിജയന്റെയും വി.പി.സത്യന്റെയുമെല്ലാം കേരള പോലീസാവാനെങ്കിലും......

എഫ്.സി. കൊച്ചിനും ബ്ലാസ്‌റ്റേഴ്‌സും നടന്ന വഴി ഒന്ന് കീറിമുറിച്ചാല്‍ നിരാശയാണ് മിച്ചം. മൂന്ന് വര്‍ഷം മുന്‍പ് കൊല്‍ക്കത്തയില്‍ വച്ച് സന്തോഷ് ട്രോഫി സ്വന്തമാക്കിയത് ഒഴിച്ചുനിര്‍ത്തിയാല്‍ കടുത്ത ദാരിദ്ര്യം തന്നെയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ ഫലം. ഒരു പതിറ്റാണ്ട് പിന്നെയും പിറയിലേയ്ക്ക് പോയാല്‍ നിരാശയുടെ ആഴം കൂടും. ഇക്കാലയളവില്‍ കേരളം ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ ചോദിച്ചാല്‍ രണ്ടോ മൂന്നോ പേരുകളില്‍ ഒതുങ്ങും കണക്ക്. ഒളിമ്പ്യന്‍ റഹ്മാനെയയോ ഐ.എം. വിജയനെയും വി.പി.സത്യനെയോ സി.വി.പാപ്പനെയയോ ഷറഫലിയെയോ പ്രേംനാഥ് ഫിലിപ്പിനെയോ സേവ്യര്‍ പയസിനെയോ വിക്ടര്‍ മഞ്ഞിലയെയോ ജോപോള്‍ അഞ്ചരിയെയോ പോലെ ഹൃദയത്തില്‍ കൂടുകൂട്ടാന്‍ ഏറെപ്പോരൊന്നും പിന്നെ ഉണ്ടായില്ല. എന്നതാണ് നേര്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് കൈയയച്ച് സഹായിച്ചിട്ടും സഹലിനെയും ആഷിക്കിനെയും രാഹുലിനെയും അനസിനെയും സി.കെ.വിനീതിനെയുമെല്ലാം ഒരു ശരാശരി ഫുട്‌ബോള്‍ ആരാധകന് ഓര്‍ത്തുപറയാന്‍ കഴിയുന്നത് തന്നെ ആശ്വാസം. 

എങ്കിലും കോടികളുടെ കണക്കുകൊണ്ട് എത്ര കൂട്ടിക്കിഴിച്ചാലും പഴയ കാലത്തിനടുത്തെത്തില്ല എന്നത് നാഗ്ജിയും ചാക്കോളയും ഫെഡറേഷന്‍ കപ്പുമെല്ലാം കണ്ട് ത്രില്ലടിച്ച തലമുറയുടെ വെറും നൊസ്റ്റള്‍ജിയയുടെ പിടിവാശിയല്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രൊഫഷണലിസത്തിന്റെ തീട്രാക്കിലേക്ക് ചേക്കേറിയപ്പോള്‍ കേരളം കാതങ്ങള്‍ പിറകില്‍ പോയി എന്നതില്‍ സംശയമില്ല. ആളൊഴിഞ്ഞു തടങ്ങുന്ന കലൂരിലെയും കോഴിക്കോട്ടെയും ഗ്യാറികള്‍ തന്നെ ഇതിന് സാക്ഷ്യം. ഈ നിറംമങ്ങിയ ആകാശത്താണ് ഗോകുലം ഐ ലീഗ് കിരീടം എന്ന ശുക്രനക്ഷത്രവുമായി ഉദയം ചെയ്യുന്നത്. കിരീടവുമായി തിരിച്ചുവരുന്ന ഗോകുലത്തെ കാത്തുനില്‍ക്കുന്ന ചോദ്യവും നിയോഗവും ഇതുതന്നെ. കേരള പോലീസിനെ പോലെ, പ്രീമിയര്‍ ടയേഴ്‌സിനെ പോലെ, ചുരുങ്ങിയത് എസ്.ബി.ടിയെ പോലെയെങ്കിലും കേരള ഫുട്‌ബോളിന് പുതുജീവന്‍ നല്‍കാന്‍ ഈ ഐലീഗ് കിരീടനേട്ടത്തിനാവുമോ?. പഴയമട്ടില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും ആരവങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ ഇവര്‍ക്കാവുമോ? കൊല്‍ക്കത്തയില്‍ ഷെരീഫും എമില്‍ ബെന്നിയും ഡെന്നി ആന്റ്‌വിയും മുഹമ്മദ് റാഷിദുമെല്ലാം നേടിയ എണ്ണം പറഞ്ഞ ഗോളുകള്‍ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഗോകുലം നല്‍കിയേ പറ്റൂ. തൊണ്ണൂറിലും തൊണ്ണൂറ്റിയൊന്നിലും ഫെഡറേഷന്‍ കപ്പ് നേടി കേരള പോലീസ് പടര്‍ത്തിയ തീ അവര്‍ അറിയണം. വിജയനെയും സത്യനെയും തോബിയാസിനെയും പാപ്പച്ചനെയും ചാക്കോയെയുമെല്ലാം പുതിയ തലമുറ പോലും ഓര്‍ക്കുന്നുണ്ടെങ്കില്‍, സത്യന്റെ ബയോപിക്കിന് ആളുകള്‍ ക്യു നിന്ന് ടിക്കറ്റെടുക്കുന്നുണ്ടെങ്കില്‍ അത് അന്ന് പടര്‍ന്ന ആ ഊര്‍ജത്തിന്റെ ബാക്കിപത്രമാണ്. ഇതാവണം ഗോകുലത്തിന് മാതൃക. ചര്‍ച്ചിലിനോ റിയല്‍ കാശ്മീരിനോ മുഹമ്മദന്‍സിനോ ഒക്കെ പകരം ഗോകുലം കിരീടം നേടിയതിനെ കേരളം ആഘോഷിക്കണമെങ്കില്‍ ആ പഴയ കാലം പുന:സൃഷ്ടിക്കാന്‍ ഗോകുലത്തിന് കഴിയണം. പോലീസും പ്രീമിയര്‍ ടയേഴ്‌സും ടൈറ്റാനിയവും എസ്.ബി.ടിയും കെ. എസ്.ഇ.ബിയും കെ. എസ്. ആര്‍.ടിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമെല്ലാം കളംനിറഞ്ഞകാലം, നാഗ്ജിയും ചാക്കോളയും ശ്രീനാരായണ ട്രോഫിയുമെല്ലാം ഗ്യാലറികള്‍ നിറച്ചകാലം... ഇതിനുള്ള നാന്ദിയാവണം കൊല്‍ക്കത്ത കിഷോര്‍ ഭാരതി ക്രീരാംഗനില്‍ ഗോകുലം നേടിയ കിരീടവിജയം. ചുരുങ്ങിയത് ഒരൊറ്റ ഐ ലീഗോടെ കത്തിത്തീരില്ലെന്ന ഉറപ്പെങ്കിലും ആരാധകര്‍ക്ക് നല്‍കാന്‍ അവര്‍ക്കാവണം.