
ഗോകുലം കേരള എഫ്.സി. ടീം കോഴിക്കോട് ബീച്ചിൽ പരിശീലനത്തിന് ശേഷം
കോഴിക്കോട്: എ.എഫ്.സി. ഏഷ്യാ കപ്പ് ഫുട്ബോളിനായി മലയാളി ക്ലബ്ബ് ഒരുങ്ങുമ്പോള്‍ കളിക്കാന്‍ നാട്ടിലിടമില്ല. ഗോകുലം കേരള എഫ്.സി. ക്ലബ്ബിനാണ് സ്വന്തം നാട്ടില്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയാത്ത അവസ്ഥയുള്ളത്. ടീമിന്റെ ഹോം മത്സരങ്ങള്‍ ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാകും നടക്കുന്നത്.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള സ്റ്റേഡിയങ്ങളിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലെ സ്റ്റേഡിയം മാത്രമാണ് അനുയോജ്യമായുള്ളത്. ക്രിക്കറ്റ് അസോസിയേഷനുമായി കരാറുള്ളതിനാല്‍ ഇവിടെ ഫുട്ബോള്‍ മത്സരം നടത്താന്‍ കഴിയില്ല. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലും കോഴിക്കോട്ടെ ഇ.എം.എസ്. സ്റ്റേഡിയത്തിലും മത്സരം നടത്താന്‍ അനുമതിലഭിക്കില്ല. എ.എഫ്.സി.യുടെ നിബന്ധനങ്ങളില്‍ പലതും പാലിക്കാന്‍ ഈ സ്റ്റേഡിയങ്ങള്‍ക്ക് കഴിയാത്തതാണ് കാരണം. കൊച്ചിയില്‍ സ്റ്റേഡിയത്തില്‍ ഷോപ്പുകളുള്ളതാണ് പ്രധാനതടസ്സം.
ചരിത്രത്തിലാദ്യമായിട്ടാണ് കേരള ക്ലബ്ബ് ഏഷ്യന്‍ തലത്തിലുള്ള ടൂര്‍ണമെന്റിന് യോഗ്യതനേടിയത്. ഐ ലീഗ് ചാമ്പ്യന്മാര് എന്നനിലയിലാണ് ഗോകുലത്തിന് അവസരമൊരുങ്ങിയത്. ഡി ഗ്രൂപ്പില്‍ കളിക്കുന്ന ടീമിന് ബംഗ്ലാദേശ് ക്ലബ്ബ് ബസുന്ധര കിങ്സ്, മാലദ്വീപ് ക്ലബ്ബ് മാസിയ, ദക്ഷിണേഷ്യയില്‍നിന്നുള്ള പ്ലേ ഓഫ് വിജയികള്‍ എന്നിവരാണ് എതിരാളികള്‍. വരുന്ന മേയ് മാസത്തിലാകും മത്സരങ്ങള്‍.
നിലവില്‍ ഹോം ആന്‍ഡ് ഏവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിലെ സ്റ്റേഡിയങ്ങളില്‍ ഹോം മത്സരം നടത്താന്‍ കഴിയില്ലെന്ന അവസ്ഥവന്നതോടെയാണ് ഗോവയിലെ സ്റ്റേഡിയം വാടകയ്ക്കെടുത്ത് മത്സരം നടത്താന്‍ ഗോകുലം മാനേജ്മെന്റ് നിര്‍ബന്ധിതമായത്.
Content Highlights: Gokulam kerala has no place in home to play home match of the AFC Cup in Goa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..