Photo: twitter.com|GokulamKeralaFC
കോഴിക്കോട്: ഒമ്പത് ദേശീയതാരങ്ങളെയും മൂന്ന് വിദേശതാരങ്ങളെയും ടീമിലെത്തിച്ച് ഗോകുലം കേരള വനിതാ ടീം പുതിയ സീസണിന് ഒരുക്കം തുടങ്ങി. ടീമിന്റെ ക്യാമ്പ് വ്യാഴാഴ്ച കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ തുടങ്ങും. കഴിഞ്ഞ സീസണില്‍ വനിതാ ലീഗ് ജയത്തിലേക്ക് ടീമിനെ നയിച്ച പി.വി. പ്രിയയാണ് ഇത്തവണയും മുഖ്യപരിശീലക.
എ.എഫ്.സി. വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ളതിനാല്‍ ടീമിന്റെ കരുത്തുകൂട്ടാന്‍ മാനേജ്മെന്റ് ശ്രദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ചത്. ഗോള്‍കീപ്പര്‍മാരായ അദിതി ചൗഹാന്, ശ്രേയാ ഹൂഡ, പ്രതിരോധത്തില്‍ റിതുറാണി, മനീഷാ പന്ന, രഞ്ജനാ ചാനു, മധ്യനിരയില്‍ സൗമ്യ ഗഹ്ലോട്ട്, മനീഷാ കല്യാണ്‍, ദാങ്മേയ് ഗ്രേസ്, മുന്നേറ്റത്തില്‍ കരിഷ്മ ശിര്വോയ്കര് എന്നിവരാണ് ഇന്ത്യന്‍ താരങ്ങള്‍. ഇവര്‍ക്കൊപ്പം മധ്യനിരയില്‍ ജ്യോതി, കശ്മീന എന്നിവരുമുണ്ട്.
ഘാന ദേശീയടീമില്‍ കളിക്കുന്ന സ്ട്രൈക്കറും ഡിഫന്‍ഡറും ടീമിലേക്കെത്തും. ഇവരുമായി ധാരണയിലെത്തിയിട്ടുണ്ട്. മ്യാന്മറില്നിന്നുള്ള വിങ്ങറും ക്ലബ്ബിലേക്കെത്തും. വ്യാഴാഴ്ച തുടങ്ങുന്ന ക്യാമ്പില്‍ 17 മലയാളിതാരങ്ങളുണ്ട്. ഇതില്‍ മികവ് പുലര്‍ത്തുന്നവരെ ടീമില്‍ ഉള്‍പ്പെടുത്തും. ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും ഒക്ടോബറില്‍ ക്യാമ്പിലെത്തും. തുടര്‍ന്ന് എ.എഫ്.സി. കപ്പില്‍ കളിക്കാന്‍ ടീം ജോര്‍ദാനിലേക്ക് പോകും. ഉസ്ബെക്ക് ക്ലബ്ബ് ബുന്യോദ്കര്, ഇറാന് ക്ലബ്ബ് ഷഹര്‍ദാരി സിര്‍ജാന്‍, ജോര്‍ദാനില്‍നിന്നുള്ള അമ്മന്‍ ക്ലബ്ബ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഗോകുലം. എ.എഫ്.സി. കപ്പിനുശേഷം വനിതാ ലീഗിലും കളിക്കും.
Content Highlights: Gokulam Kerala FC Womens team ready to play new season
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..