ന്യൂഡല്‍ഹി: ഗോകുലം കേരള എഫ്.സിയ്ക്ക് ചരിത്ര നേട്ടം എ.എഫ്.സി വനിതാ ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം എഫ്.സി ഇന്ത്യയെ പ്രതിനിധീകരിക്കും. 

ഇന്ത്യന്‍ വുമണ്‍സ് ലീഗില്‍ കിരീടം നേടിയതിന്റെ കരുത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലത്തിന്റെ പെണ്‍പട എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങുക. ഏഷ്യയിലെ മികച്ച ടീമുകളെല്ലാം ഏറ്റുമുട്ടുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ്ബ് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എ.എഫ്.സി യോഗ്യത നേടുന്നത്. ഐ.ലീഗ് കിരീടം നേടിയ ഗോകുലത്തിന്റെ പുരുഷ ടീം നേരത്തേതന്നെ എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 

വനിതാ ടീം ചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടിയതില്‍ അഭിമാനമുണ്ടെന്നും വനിതാ ഫുട്‌ബോള്‍ ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഗോകുലം കേരള എഫ്.സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു. വനിതാ ടീം എ.എഫ്.സി കിരീടമുയര്‍ത്തുമെന്നും അത് പുരുഷ ടീമിന് പ്രചോദനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Content Highlights: Gokulam Kerala FC to represent India in AFC Women's Club Championship 2020-21