Image Courtesy: Twitter
കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം വേദിയായി കോഴിക്കോട് പരിഗണിക്കുമ്പോള്‍ മഞ്ചേരിയില്‍ കളിക്കാനുള്ള നീക്കം ശക്തമാക്കി ഗോകുലം കേരള എഫ്.സി. വരുന്ന സീസണില്‍ ഐ ലീഗ് ഫുട്ബോളിലെ ഒന്നോ രണ്ടോ മത്സരം പയ്യനാട്ടെ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ കളിക്കാനാണ് ക്ലബ്ബ് തയ്യാറെടുക്കുന്നത്.
ഏറെ ആരാധകരുള്ള മലപ്പുറത്ത് കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഞ്ചേരിയെ രണ്ടാം ഹോംഗ്രൗണ്ടായി പരിഗണിക്കുന്നത്. ഇതിനുള്ള അപേക്ഷ മലപ്പുറം ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന് സമര്‍പ്പിച്ചിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിനും കളി നടത്തുന്നതിന് അനുകൂല സമീപനമാണ്. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനേയും ഇക്കാര്യം അറിയിക്കും.
മലപ്പുറം ജില്ല ആസ്ഥാനമായ ക്ലബ്ബാണ് ഗോകുലം കേരളം. ഐ ലീഗ് ചട്ടപ്രകാരമുള്ള സ്റ്റേഡിയമില്ലാത്തതിനെത്തുടര്ന്നാണ് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ക്ലബ്ബിന്റെ ഹോംഗ്രൗണ്ടാകുന്നത്. മുന്‍ സീസണുകളിലും മഞ്ചേരിയില്‍ ചില മത്സരം കളിക്കാന്‍ ക്ലബ്ബ് ശ്രമം നടത്തിയിരുന്നു. 30,000 പേര്‍ക്ക് കളികാണാന്‍ ശേഷിയുള്ളതാണ് പയ്യനാട്ടെ സ്റ്റേഡിയം.
ഫ്ളഡ്ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഐ ലീഗിന് വേണ്ടിയുള്ള ബാക്കി സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കാനും കഴിയും. 2013-14-ല്‍ ഫെഡറേഷന് കപ്പ് മികച്ച രീതിയില്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരുന്നു. അന്ന് കാണികളുടെ പങ്കാളിത്തം കൊണ്ടും സംഘാടകമികവ് കൊണ്ടും ശ്രദ്ധേയമായി. തുടര്‍ന്ന് അടുത്ത സീസണില്‍ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങളും നടന്നു. ഫ്ളഡ്ലൈറ്റിന്റെ അഭാവമാണ് കൂടുതല്‍ മത്സരങ്ങള്‍ വരുന്നതിന് തടസ്സമായത്.
Content Highlights: Gokulam kerala fc to play in Manjeri; Payyanad Stadium will be the club's second home ground
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..