കോഴിക്കോട്: പുതുക്കിപ്പണിത ടീമുമായി ഗോകുലം കേരള എഫ്.സി. പുതിയ സീസണിനൊരുങ്ങുന്നു. കഴിഞ്ഞ സീസണില്‍ ഐ ലീഗ് ചാമ്പ്യന്മാരായ ടീമില്‍നിന്ന് 11 താരങ്ങളാണ് വിട്ടുപോയത്.

ഒമ്പത് പുതിയ താരങ്ങളെ ടീമിലെത്തിച്ചും റിസര്‍വ് ടീമില്‍നിന്ന് ഏഴ് പേരെ ക്യാമ്പിലെത്തിച്ചുമാണ് ഗോകുലം ഒരുങ്ങുന്നത്. ഇറ്റാലിയന്‍ പരിശീലകന്‍ വിസെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെയാണ് ഇത്തവണയും ടീമിനെ ഒരുക്കുന്നത്. കാമറൂണ്‍ പ്രതിരോധനിരതാരം ആമിനോ ബൗബുവിനെ ടീമിലെത്തിച്ചിട്ടുണ്ട്. അഫ്ഗാന്‍ മധ്യനിരതാരം ഷെരീഫ് മുഹമ്മദ് ടീമിനൊപ്പം തുടരും. കഴിഞ്ഞ സീസണിലെ വിദേശതാരങ്ങളില്‍ ക്ലബ്ബ് നിലനിര്‍ത്തിയ ഏകതാരമാണ് ഷെരീഫ്. അടുത്തമാസം അഞ്ചിന് ആരംഭിക്കുന്ന ഡ്യൂറന്‍ഡ് കപ്പാണ് സീസണിലെ ആദ്യ ടൂര്‍ണമെന്റ്. തുടര്‍ന്ന് ഐ ലീഗില്‍ കളിക്കും.

കഴിഞ്ഞ സീസണില്‍ ടീമില്‍ കളിച്ച ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ്, പ്രതിരോധത്തിലെ നവോച്ച സിങ്, സെബാസ്റ്റ്യന്‍ താങ്മാന്‍സാങ്, ദീപക് ദേവര്‍നി, മധ്യനിരതാരം മായ കണ്ണന്‍, വിങ്ങര്‍ വിന്‍സി ബാരറ്റോ എന്നിവരടക്കം 11 പേരാണ് ടീം വിട്ടത്.

ഗോള്‍കീപ്പര്‍ രക്ഷിത് ദാഗര്‍, പ്രതിരോധത്തിലേക്ക് മുഹമ്മദ് ഉവൈസ്, മുഹമ്മദ് റാഫി, പവന്‍കുമാര്‍, ദീപക് സിങ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ അക്ബര്‍ ഖാന്‍, വിങ്ങര്‍ കൃഷ്ണാനന്ദ സിങ്, മുന്നേറ്റനിരയില്‍ ബെന്‍സ്റ്റോണ്‍ ബാരറ്റോ, തമിഴ്‌നാട്ടുകാരനായ മിഡ്ഫീല്‍ഡര്‍ ചാള്‍സ് ആനന്ദ്‌രാജ ലൂര്‍ദുസാമി എന്നിവരാണ് പുതുതായി എത്തിയത്.

വിങ്ങര്‍ എമില്‍ ബെന്നി, മധ്യനിരതാരം മുഹമ്മദ് റാഷിദ്, ജിതിന്‍ എം.എസ്, സെന്‍ട്രല്‍ ബാക്കുകളായ ജസ്റ്റിന്‍ ജോര്‍ജ്, അലക്‌സ് സജി, റോവില്‍സന്‍ റോഡ്രിഗസ് തുടങ്ങിയവരാണ് ടീമിലെ പരിചയസമ്പന്നര്‍. റിസര്‍വ് ടീമില്‍നിന്ന് ഏഴ് പേരാണ് ക്യാമ്പിലുള്ളത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ടീമിന്റെ പരിശീലനം. ലൂക്ക എഫ്.സി, ഫാറൂഖ് കോളേജ്, കോവളം എഫ്.സി. ടീമുകളുമായി പരിശീലനമത്സരം കളിച്ചിട്ടുണ്ട്. ഈ മാസം 31 ന് കേരള യുണൈറ്റഡുമായി സൗഹൃദമത്സരം കളിക്കുന്നുണ്ട്.

Content Highlights: Gokulam Kerala FC signs nine new players