കോഴിക്കോട്: നിലമ്പൂരിൽ നിന്നുള്ള പ്രതിരോധതാരം മുഹമ്മദ് ഉവൈസ് ഇനി ഗോകുലം എഫ്സിയിൽ. ഇരുപത്തിരണ്ടു വയസ്സുള്ള ഉവൈസ് കഴിഞ്ഞ സീസണിൽ കെഎസ്ഇബിക്കായി കേരള പ്രീമിയർ ലീഗിൽ കളിച്ചിരുന്നു.

ലെഫ്റ്റ് സെൻട്രൽ ബാക്ക് ആയ ഉവൈസ് ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ബെംഗളൂരു യുണൈറ്റഡ് എഫ്സിക്കും എഫ്സി കേരളയ്ക്കും വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ഓസോൺ എഫ്സിയെ നിയിച്ചിരുന്നു ഉവൈസ്.

കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിയെ ഫൈനൽ വരെ എത്തിച്ചതിൽ മുഖ്യ പങ്കു വഹിച്ചത് ഉവൈസ് ആയിരുന്നു. എംഎസ്പി അക്കാദമിയിലൂടെ വളർന്ന ഉവൈസ് ഭാരത് എഫ്സി, സുദേവ, മോഹൻ ബഗാൻ എന്നീ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. യുവതാരങ്ങൾക്ക് അവസരം കൊടുക്കുന്ന ടീമാണ് ഗോകുലമെന്നും ഗോകുലത്തിന്റെ കൂടെ കിരീടങ്ങൾ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉവൈസ് വ്യക്തമാക്കി.

Content Highlights: Gokulam Kerala FC New Signing Football