വിൻസെന്റൊ അന്നീസെ | Photo: twitter.com/GokulamKeralaFC
ഇറ്റാലിയന്‍ കോച്ച് വിന്‍സെന്റൊ ആല്‍ബര്‍ട്ടൊ അന്നീസെയാണ് ഗോകുലം കേരള എഫ്.സി.യുടെ തലവരമാറ്റിക്കുറിച്ചത്. ഐ ലീഗില്‍ തുടരെ രണ്ടുവട്ടം ഗോകുലത്തെ ചാമ്പ്യന്മാരാക്കി ചരിത്രംകുറിച്ചിരിക്കുകയാണ് അന്നീസെ. ഇന്ത്യയിലെ മറ്റൊരു ക്ലബ്ബിനും നേടാനാകാത്ത ബഹുമതി. ഐ ലീഗ് കിരീടനേട്ടത്തിനുശേഷം കൊല്‍ക്കത്തയില്‍ എ.എഫ്.സി. ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുകയാണ് ടീം. ഗോകുലത്തിന്റെ വിജയക്കുതിപ്പിനെക്കുറിച്ച് അന്നീസെ സംസാരിക്കുന്നു
ഐ ലീഗ് കിരീടം നിലനിര്‍ത്തിയതിനൊപ്പം ലീഗില്‍ പരാജയമറിയാതെ തുടരെ 21 മത്സരങ്ങളെന്ന റെക്കോഡും ഗോകുലം സ്വന്തമാക്കി. ഗോളടിച്ചു കൂട്ടുന്നതിനൊപ്പം ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കും കാണിച്ചു. എന്താണ് ടീമിന്റെ വിജയരഹസ്യം ?
കളിക്കാരുടെ കഠിനാധ്വാനം തന്നെയാണ് ഫലംകണ്ടത്. മലയാളി താരങ്ങളെ തിരഞ്ഞെടുത്ത് കൂടുതല്‍ അവസരം നല്കാന് ഞങ്ങള്‍ ശ്രമിച്ചു. അതോടൊപ്പം മികച്ച വിദേശതാരങ്ങളെയും ടീമിലെത്തിച്ചു. ഈ വിജയത്തിലൂടെ കേരള താരങ്ങളുടെ കഴിവ് സംശയാതീതമായി തെളിയിക്കപ്പെട്ടു.
Also Read
കഴിഞ്ഞതവണ ഐ ലീഗ് വിജയികളായ ടീമിലെ പ്രമുഖരില്‍ പലരേയും നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ടീമിന്റെ പ്രകടനത്തെ ബാധിക്കാതെ ഈ പ്രതിസന്ധി മറികടന്നതെങ്ങനെ ?
പോയവര്‍ക്ക് മികച്ച പകരക്കാരെ കണ്ടെത്താന്‍ കഴിഞ്ഞു. നീണ്ട പ്രീസീസണ് ഒരുക്കങ്ങളും ടീമിനെ സഹായിച്ചു. ടീമിന്റെ ക്യാമ്പ് ഓഗസ്റ്റില്‍ തുടങ്ങി. ജനുവരിവരെ ഒട്ടേറെ മത്സരങ്ങളിലും ടൂര്‍ണമെന്റുകളിലും കളിക്കാനായി.
സ്വന്തം ആരാധകര്‍ക്കുമുന്നില്‍ കളിക്കാന്‍ ഇത്തവണയും സാധിച്ചില്ല. നിരാശയുണ്ടോ ?
കഴിഞ്ഞവര്‍ഷംമുതല്‍ ആരാധകരുടെ സാമീപ്യം ടീമിന് ലഭിച്ചില്ലെന്നത് വലിയ നിരാശതന്നെയായിരുന്നു. എന്നാല്‍, അടുത്ത സീസണില്‍ കാണികള്‍ക്കുമുന്നില്‍ കളിക്കാനാവുമെന്നത് സന്തോഷം പകരുന്നു
ഏഷ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ആദ്യ കേരള ടീം എന്ന നേട്ടവും ഗോകുലം സ്വന്തമാക്കി. എ.എഫ്.സി. കപ്പില്‍ എ.ടി.കെ. മോഹന്‍ ബഗാന്, ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ധര കിങ്സ് എന്നിവ ഉള്‍പ്പെടെ കരുത്തരുടെ ഗ്രൂപ്പിലാണ് ഗോകുലം. എന്താണ് പ്രതീക്ഷ ?
എ.എഫ്.സി. കപ്പ് തന്നെയാണ് അടുത്തലക്ഷ്യം. കഠിനമായ ഗ്രൂപ്പിലാണ് ഞങ്ങള്‍ മത്സരിക്കുന്നത്. വിജയം തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ടീം കളിക്കാനിറങ്ങുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..