കൊൽക്കത്ത: വമ്പൻ തിരിച്ചുവരവിലൂടെ മിനർവ പഞ്ചാബ് എഫ്.സിയെ തകർത്ത ഗോകുലം കേരള എഫ്.സിക്ക് ഐ ലീഗ് ഫുട്‌ബോളിൽ ത്രസിപ്പിക്കുന്ന ജയം. ഏഴ് ഗോൾ പിറന്ന മത്സരത്തിൽ 4-3 നാണ് ഗോകുലം ജയിച്ചുകയറിയത്. സീസണിൽ ടീമിന്റെ ആദ്യജയമാണ്.

സ്‌ട്രൈക്കർ ഡെന്നീസ് ആന്റ്‌വി ഇരട്ടഗോൾ (69, 73) നേടി. ഫിലിപ്പ് അഡ്‌ജെയും (26) സ്കോർ ചെയ്തു. അൻവർ അലിയുടെ സെൽഫ് ഗോളും (75) ടീമിന്റെ അക്കൗണ്ടിലെത്തി. പഞ്ചാബിനായി ചെഞ്ചോ ഇരട്ടഗോൾ (18, 25) നേടി. റുപർട്ട് നോൻഗ്രൂമും (44) സ്കോർ ചെയ്തു. രണ്ട് കളിയിൽ ഗോകുലത്തിന് മൂന്ന് പോയന്റായി. പഞ്ചാബിനും ഇതേ പോയന്റാനുള്ളത്. 

ആദ്യപകുതിയിൽ 3-1 ന് പിന്നിട്ടുനിന്ന ശേഷമാണ് ഗോകുലം തിരിച്ചുവന്നത്. പെനാൽട്ടി അടക്കം ഒട്ടേറെ സുവർണാവസങ്ങൾ ഗോകുലം പാഴാക്കി. പഞ്ചാബ് ഗോൾകീപ്പർ കിരൺകുമാർ ലിമ്പുവിന്റെ തകർപ്പൻ പ്രകടനം പഞ്ചാബിനും തുണയായി. ഡെന്നീസ് അന്റ്‌വിയുടെ പെനാൽട്ടി തടുത്തിട്ട ലിമ്പു ഗോളെന്നുറച്ച അരഡസൻ അവസരങ്ങൾ രക്ഷപ്പെടുത്തി. ഗോകുലം വഴങ്ങിയ മൂന്ന് ഗോളും പ്രതിരോധപ്പിഴവിൽ നിന്നായിരുന്നു.

Content highlights: Gokulam Kerala Fc beat Miverva Punjab FC in a thriller match