കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പിലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി.ക്ക് ജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഹൈദരാബാദ് എഫ്.സി.യുടെ യുവനിരയെ 1-0 ത്തിന് തോല്‍പ്പിച്ചു. 48-ാം മിനിറ്റില്‍ പത്തുപേരായി ചുരുങ്ങിയിട്ടും പതറാതെ കളിച്ചാണ് ഗോകുലം ജയം നേടിയത്.

ഘാന സ്ട്രൈക്കര്‍ റഹീം ഒസുമാനു (47) വിജയഗോള്‍ നേടി. ജയത്തോടെ നാലുപോയന്റായ ഗോകുലം രണ്ടാം സ്ഥാനത്താണ്. ഇത്രയും പോയന്റുള്ള ആര്‍മി റെഡ് ഗോള്‍വ്യത്യാസത്തില്‍ ഒന്നാംസ്ഥാനത്തുണ്ട്. ഞായറാഴ്ച അസം റൈഫില്‍സിനെതിരേയാണ് ഗോകുലത്തിന്റെ അടുത്തകളി.

ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ ജയം അനിവാര്യമാണെന്ന തിരിച്ചറിവില്‍ ഗോകുലം മികച്ചകളി പുറത്തെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒസുമാനു ഗോള്‍ നേടി. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലാല്‍ബിയാഖുല ജോങ്തെയുടെ പന്ത് തട്ടിയകറ്റിയപ്പോള്‍ ലഭിച്ച പന്തിനെ ഘാന താരം വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ഗോകുലം താരം എമില്‍ബെന്നി രണ്ടാം മഞ്ഞക്കാര്‍ഡുകണ്ട് പുറത്തുപോയി. ഇതോടെ ഹൈദരാബാദ് ആക്രമണം ശക്തമാക്കി. എന്നാല്‍, ഗോള്‍വലയ്ക്കുമുന്നില്‍ പി.എ. അജ്മലിന്റെ മികച്ച സേവുകള്‍ ജയം ഉറപ്പിച്ചു. ഗോകുലം നായകന്‍ ഷെരീഫ് മുഹമ്മദ് കളിയിലെ താരമായി.

Content Highlights: Gokulam Kerala FC beat Hyderabad FC in Durand Cup