കൊച്ചി: ഗോവയില്‍ നിന്നുള്ള യുവ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയിയുമായി കരാറൊപ്പിട്ടു. 26-കാരനായ ആല്‍ബിനോ ഒഡീഷ എഫ്.സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. 

സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015-ല്‍ മുംബൈ സിറ്റി എഫ്.സിയിലൂടെയാണ്  ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലോണ്‍ അടിസ്ഥാനത്തില്‍ ഐസ്വാളിലെത്തി. 2016-17 സീസണില്‍ എട്ട് ക്ലീന്‍ ഷീറ്റുകളോടെ ക്ലബ്ബിന്റെ ഐ ലീഗ് കിരീടവിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. 2016-ല്‍ എ.എഫ്.സി അണ്ടര്‍ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു ആല്‍ബിനോ.

ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും താരം പ്രതികരിച്ചു. ക്ലബ്ബിന്റെ ഭാഗമായതില്‍ ആല്‍ബിനോയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് അഭിനന്ദിച്ചു.

Content Highlights: Goan goalkeeper Albino Gomez joins Kerala Blasters