നിയോണ്‍:  യൂറോപ്പിലെ ഈ വര്‍ഷത്തെ മികച്ച താരം ആരായിരിക്കും? യുവേഫ പുറത്തുവിട്ട അവസാന പട്ടികയില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ജിയാന്‍ ലൂജി ബഫണും ഇടം പിടിച്ചു. ഓഗ്‌സറ്റ് 24ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഡ്രോയിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. 

ഇത്തവണയും എല്ലാവരും സാധ്യത കല്‍പിക്കുന്നത് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കാണ്. നേരത്തെ രണ്ടുതവണ ക്രിസ്റ്റ്യാനോ പുരസ്‌കാരം നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ നിലനിര്‍ത്തിയപ്പോള്‍ അതില്‍ ക്രിസ്റ്റ്യാനോയുടെ പങ്ക് നിര്‍ണായകമായിരുന്നു.

സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന ബയറണ്‍ മ്യൂണിക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹാട്രിക് അടക്കം ക്രിസ്റ്റ്യാനൊ അഞ്ച് ഗോള്‍ നേടിയിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിഫൈനല്‍ ആദ്യ പാദത്തിലും ക്രിസ്റ്റ്യാനൊ ഹാട്രിക് അടിച്ചു. യുവന്റസിനെതിരായ ഫൈനലിലും പോര്‍ച്ചുഗീസ് താരം രണ്ടു ഗോളുകള്‍ നേടി.

ബാഴ്‌സക്കായി മെസ്സി 54 ഗോളുകള്‍ നേടിയെങ്കിലും കഴിഞ്ഞ സീസണില്‍ സ്പാനിഷ് സൂപ്പര്‍ കപ്പും കോപ്പ ഡെല്‍റേ കിരീടവും മാത്രമാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. 

ഇറ്റലിയില്‍ ഇരട്ടക്കിരീടം നേടിയ യുവന്റസിന്റെ ഗോള്‍കീപ്പറാണ് ബഫണ്‍. പക്ഷേ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസ് റയലിനോട് തോറ്റത് 39കാരന്റെ സാധ്യത കുറയ്ക്കുന്നു.

80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തരും ചെയ്യുന്ന വോട്ടിന് അനുസരിച്ചായാരിക്കും വിജയിയെ തീരുമാനിക്കുക. ചാമ്പ്യന്‍സ് ലീഗിന്റെയോ യൂറോപ്പ ലീഗിന്റെയോ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ടീമുകളുടെ പരിശീലകരാണ് വോട്ട് ചെയ്യുക. 

ക്രിസ്റ്റ്യാനോയെക്കൂടാതെ മെസ്സിയും രണ്ടു തവണ പുരസ്‌കാരം നേടിയിട്ടുണ്ട്. ബാഴസലോണയുടെ ആന്ദ്രെ ഇനിയസ്റ്റ, ബയറണ്‍ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറി എന്നിവര്‍ ഓരോ തവണ യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളായിട്ടുണ്ട്.