ബെര്‍ലിന്‍: അടുത്ത മാസം ആരംഭിക്കുന്ന യൂറോകപ്പിനായുള്ള ജര്‍മൻ ഫുട്‌ബോള്‍ ടീമില്‍ നിന്നും ഗോള്‍ കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റേഗന്‍ പുറത്തായി. കാല്‍മുട്ടിനേറ്റ പരിക്കുമൂലമാണ് താരം ടീമില്‍ നിന്നും പുറത്തായത്. 

നിലവില്‍ ബാഴ്‌സലോണയുടെ വിശ്വസ്ത ഗോള്‍കീപ്പറായ ടെര്‍ സ്റ്റേഗന്‍ ലാ ലിഗയില്‍ കളിക്കുന്നതിനിടെയാണ് പരിക്കിന്റെ പിടിയിലാകുന്നത്. ' എന്റെ പരിക്കുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ ക്ലബ്ബിന്റെ മെഡിക്കല്‍ ടീമുമായി സംസാരിക്കുകയുണ്ടായി. പക്ഷേ പരിക്ക് മൂലം എനിക്ക് ദൗര്‍ഭാഗ്യവശാല്‍ യൂറോ കപ്പില്‍ ജര്‍മനിയ്ക്ക് വേണ്ടി കളിക്കാനാകില്ല'- ടെര്‍ സ്റ്റേഗന്‍ പറഞ്ഞു.

29 കാരനായ സ്റ്റേഗന്‍ മേയ് 20 ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയയ്ക്ക് സ്റ്റേഗന്‍ വിധേയനായിരുന്നു. അന്ന് നവംബര്‍ വരെ താരം വിശ്രമത്തില്‍ കഴിഞ്ഞു. 

ജര്‍മനിയ്ക്ക് വേണ്ടി വെറും 24 മത്സരങ്ങള്‍ മാത്രമാണ് സ്റ്റേഗന്‍ കളിച്ചിട്ടുള്ളത്. നായകനും ബയേണ്‍ മ്യൂണിക്കിന്റെ താരവുമായ മാനുവല്‍ ന്യൂയറാണ് ജര്‍മനിയുടെ ഒന്നാം ഗോള്‍ കീപ്പര്‍. യൂറോകപ്പിലും ന്യൂയറായിരിക്കും ജര്‍മന്‍ വല കാക്കുക.

ജൂണ്‍ 11 മുതല്‍ ജൂലായ് 11 വരെയാണ് യൂറോകപ്പ് നടക്കുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മൂലമാണ് നീട്ടിവെച്ചത്. ജര്‍മനി ഗ്രൂപ്പ് എഫിലാണ് മാറ്റുരയ്ക്കുന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, നിലവിലെ യൂറോകപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍, ഹംഗറി എന്നീ ടീമുകളെയാണ് ജര്‍മനി ഗ്രൂപ്പില്‍ നേരിടുക.

Content Highlights: Germany's Marc-Andre Ter Stegen out of Euro 2020, to undergo knee operation