ബെർലിൻ: ജർമൻ ഫുട്ബോൾ ക്ലബ്ബ് ബയേൺ മ്യൂണിക്കിന് ഇത് നല്ല കാലമാണ്. സീസണിൽ തുടർച്ചയായ അഞ്ചാം കിരീടം നേടി കുതിക്കുകയാണ് ബയേൺ മ്യൂണിക്ക്. ജർമൻ കപ്പ്, ബുണ്ടസ് ലിഗ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവയ്ക്ക് പിന്നാലെ ജർമൻ സൂപ്പർ കപ്പും ഹാൻസി ഫ്ളിക്കിന്റെ സംഘം അക്കൗണ്ടിലെത്തിച്ചു.

ഈ സീസണിലെ ആദ്യ ജർമൻ എൽ ക്ലാസിക്കോയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-2ന് വീഴ്ത്തിയാണ് ബയേണിന്റെ കിരീടനേട്ടം. ബയേണിന് വേണ്ടി ടൊളീസൊ, മുള്ളർ, കിമ്മിഷ് എന്നിവർ ഗോൾ നേടിയപ്പോൾ ബ്രാൻഡും ഹാലന്റുമാണ് ബൊറൂസിയക്കായി ലക്ഷ്യം കണ്ടത്.

ബുണ്ടസ് ലിഗയിൽ ഹോറെൻഹെയിമിനോട് തോറ്റതിന് പിന്നാലെയായിരുന്നു ബയേൺ ബൊറൂസിയയെ നേരിടാനിറങ്ങിയത്. എന്നാൽ ആ തോൽവി അവരുടെ ആത്മവിശ്വാസം കുറച്ചില്ല. 18-ാം മിനിറ്റിൽ ടൊളീസോയിലൂടെ ബയേൺ ലീഡെടുത്തു. 32-ാം മിനിറ്റിൽ മുള്ളർ ലീഡ് ഇരട്ടിയാക്കി.

എന്നാൽ ജൂലിയൻ ബ്രാൻഡിന്റെ മികച്ച ഷോട്ടിലൂടെ ബൊറൂസിയ ഒരു ഗോൾ തിരിച്ചടിച്ചു. പിന്നീട് യുവതാരം എർലിങ് ഹാലൻഡിലൂടെ അവർ സമനില കണ്ടെത്തി. പക്ഷേ കിമ്മിഷും ലെവൻഡോവ്സ്കിയും ചേർന്ന് നടത്തിയ നീക്കം ബയേണിന് വിജയഗോൾ സമ്മാനിച്ചു. കിമ്മിഷാണ് ലക്ഷ്യം കണ്ടത്.

Content Highlights: German Super Cup FC Bayern Munich Football