ലണ്ടന്‍: ഫുട്‌ബോള്‍ താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനൊരുങ്ങി സൂപ്പര്‍ താരം ഗരെത് ബെയ്ല്‍. വെയ്ല്‍സിന്റെ നായകനും ടോട്ടനം ഹോട്‌സ്പറിന്റെ താരവുമായ ബെയ്ല്‍ ചെക്ക് റിപ്പബ്ലിക്കുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെയ്ല്‍സ് ഫുട്‌ബോള്‍ താരങ്ങളായ ബെന്‍ ക്യബാനോ, റാബി മറ്റോണ്‍ടോ എന്നിവര്‍ക്ക് ഈയിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. മെക്‌സിയ്‌ക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനിടെയാണ് താരങ്ങള്‍ക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്. മത്സരത്തില്‍ വെയ്ല്‍സ് എതിരില്ലാത്ത ഒരു ഗോളിന് മെക്‌സിക്കോയെ കീഴടക്കി. 

' ഇപ്പോള്‍ എല്ലാവരും ഫുട്‌ബോള്‍ താരങ്ങളെ വംശീയമായി അധിക്ഷേപിക്കുകയാണ്. ഒന്നോ രണ്ടോ വ്യക്തികളല്ല. നിരവധി പേരാണ് താരങ്ങളെ അധിക്ഷേപിക്കുന്നത്. ഇതിങ്ങനെ തുടരുകയാണെങ്കില്‍ സോഷ്യല്‍ മീഡിയ ഞാന്‍ ഉപേക്ഷിക്കും'-31 കാരനായ ബെയ്ല്‍ വ്യക്തമാക്കി.

ഇതേ കാരണത്താല്‍ ഈയിടെ ഫ്രാന്‍സിന്റെ ഇതിഹാസ താരം തിയറി ഹെന്റി സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ചിരുന്നു. ഹെന്റിയ്ക്ക് ട്വിറ്ററില്‍ 2.3 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 2.7 മില്യണും ഫോളോവേഴ്‌സുണ്ടായിരുന്നു.

വംശീയാധിക്ഷേപവുമായി ബന്ധപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ശ്രദ്ധചെലുത്തുന്നുണ്ട്. അപരിചിതമായ അക്കൗണ്ടുകള്‍ നിരോധിക്കാനും സോഷ്യല്‍ മാധ്യമങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 

Content Highlights: Gareth Bale Willing To Boycott Social Media Over Abuse Of Footballers