കീവ്: ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ റയല്‍ മാഡ്രിഡ് ടീമില്‍ ആശയക്കുഴപ്പം. ക്ലബ്ബ് വിടുമെന്ന് ക്രിസ്റ്റിയാനൊ റൊണാള്‍ഡോ സൂചന നല്‍കിയതിന് പിന്നാലെ ഇതേ കാര്യം ആവര്‍ത്തിച്ച് ലിവര്‍പൂളിനെതിരായ ഫൈനലിലെ ഇരട്ട ഗോളിനുടമ ഗരെത് ബെയ്‌ലും രംഗത്തുവന്നു. എല്ലാ സീസണിന്റേയും അവസാനം റൊണാള്‍ഡോ താന്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബ് വിടുമെന്ന സൂചന നല്‍കാറുണ്ട്. ഇത്തവണയും അത് ആവര്‍ത്തിച്ചുവെന്ന് മാത്രം. എന്നാല്‍ റയലില്‍ താന്‍ സന്തുഷ്ടനല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബെയ്ല്‍.

റയലില്‍ മിക്ക മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ട അവസ്ഥയാണ് ബെയ്‌ലിന്റെ അനിഷ്ടത്തിന് കാരണം. എപ്പോഴും കളിക്കണമെന്നും എല്ലാ മത്സരങ്ങളും കളിക്കണമെന്നതുമാണ് തനിക്ക് സന്തോഷം നല്‍കുന്നതെന്നും ബെയ്ല്‍ വ്യക്തമാക്കി. തന്റെ ഏജന്റുമായി ബെയ്ല്‍ കൂടിയാലോചന നടത്തും. അതിനു ശേഷമേ ഒരു തീരുമാനമുണ്ടാകൂ. 

റയലിന്റെ 38 ലാ ലിഗ മത്സരങ്ങളില്‍ 20 എണ്ണത്തില്‍ മാത്രമാണ് ബെയ്‌ലിന് സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം പിടിക്കാനായത്. ചാമ്പ്യന്‍സ് ലീഗില്‍ മൂന്നു തവണയും. അടുത്ത സീസണില്‍ ബെയ്‌ലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമോ എന്ന ചോദ്യത്തിന് പരിശീലകന്‍ സിദാനും കൃത്യമായ മറുപടി നല്‍കിയില്ല. അത് സങ്കീര്‍ണമായ കാര്യമാണെന്നും എല്ലാവരും അവരവരുടെ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളുവെന്നും അത് തനിക്ക്‌ മനസ്സിലാക്കാനാകുമെന്നും സിദാന്‍ വ്യക്തമാക്കി. 

ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ക്ലബ്ബില്‍ തുടരില്ലെന്ന സൂചന ക്രിസ്റ്റിയാനൊ നല്‍കിയത്. ഇത്ര കാലം റയല്‍ മാഡ്രിഡില്‍ കളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ റൊണാള്‍ഡോ തന്റെ ഭാവിയെ കുറിച്ച് അടുത്ത് തന്നെ തീരുമാനമറിയിക്കാമെന്നും വ്യക്തമാക്കി. പോര്‍ച്ചുഗീസ് താരം കഴിഞ്ഞ സീസണിലും സമാനമായ രീതിയില്‍ ക്ലബ് വിടുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടില്ല എന്നും ഇത് കരാര്‍ പുതുക്കാനുള്ള റൊണാള്‍ഡോയുടെ ശ്രമം മാത്രമാണെന്നുമാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം റയല്‍ മാഡ്രിഡിന്റെ അവിഭാജ്യഘടകമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നും എന്തെങ്കിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ റൊണാള്‍ഡോ തന്നെ അത് വ്യക്തമാകുമെന്നും റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സര്‍ജിയോ റാമോസ് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാമത്തെ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയാണ് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ ഉയര്‍ത്തിയത്. അതിലുള്ള സന്തോഷം റാമോസ് മറച്ചുവെച്ചില്ല. 

Content Highlights: Gareth Bale and Cristiano Ronaldo Talk On Leaving Real Madrid After UCL Win