ബെര്‍ലിന്‍: കഴിഞ്ഞ ലോകകപ്പിലേറ്റ 7-1ന്റെ പരാജയത്തിന് പകരമായില്ലെങ്കിലും റഷ്യന്‍ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബ്രസീലിന് ആശ്വാസം. ജര്‍മനിയെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. ഇതോടെ നിലവിലെ ലോകചാമ്പ്യന്‍മാരുടെ പരാജയമറിയാത്ത 22 മത്സരങ്ങളുടെ കുതിപ്പിന് വിരാമമായി. 

37-ാം മിനിറ്റിലാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. വില്ല്യന്റെ ക്രോസില്‍ ഗബ്രിയേല്‍ ജീസസ് ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. പൊസിഷനിലുണ്ടായിരുന്ന ഗോള്‍കീപ്പര്‍ കെവിന്‍ ട്രാപ്പ് പന്ത് തട്ടിയകറ്റാന്‍ നോക്കിയെങ്കിലും ജീസസിന്റെ ശക്തമായ ഹെഡ്ഡര്‍ വലയിലെത്തുകയായിരുന്നു.

ബ്രസീല്‍ കരിയറില്‍ ജീസസിന്റെ ഒമ്പതാം ഗോളാണിത്. വെറും 15 മത്സരങ്ങളില്‍ നിന്നാണ് ജീസസ് ഒമ്പതു ഗോളുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ബ്രസീല്‍ ലോകകപ്പിന്റെ ആതിഥേയരായ റഷ്യയേയും പരാജയപ്പെടുത്തിയിരുന്നു. 

Content Highlights: Gabriel Jesus goal gives Brazil revenge win to end Germany’s unbeaten run