photo: twitter/Manchester United
മാഞ്ചെസ്റ്റര്‍; ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫുള്‍ഹാമിനെ തകര്‍ത്താണ് യുണൈറ്റഡ് സെമിയിലേക്ക് മുന്നേറിയത്. പരിശീലകനുള്‍പ്പെടെ ഫുള്‍ഹാമിലെ മൂന്നുപേര്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. സെമിയില്‍ ബ്രൈട്ടനാണ് യുണൈറ്റഡിന്റെ എതിരാളികള്‍.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ വിറപ്പിച്ചാണ് ഫുള്‍ഹാം തുടങ്ങിയത്. ആദ്യ മിനിറ്റുമുതല്‍ യുണൈറ്റഡിന്റെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഫുള്‍ഹാം താരങ്ങള്‍ ഇരച്ചെത്തി. ഫുള്‍ഹാമിന്റെ മുന്നേറ്റങ്ങള്‍ തടയാന്‍ മാഞ്ചെസ്റ്റര്‍ പ്രതിരോധം നന്നായി ബുദ്ധിമുട്ടി. എന്നാല്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫുള്‍ഹാം മുന്നിലെത്തി. 49-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചാണ് ഫുള്‍ഹാമിനായി വലകുലുക്കിയത്. പിന്നീട് തിരിച്ചടിക്കാനായി യുണൈറ്റഡ് മുന്നേറ്റം ശക്തമാക്കി. കിട്ടിയ അവസരങ്ങളില്‍ ഫുള്‍ഹാമും ആക്രമിച്ചുകളിച്ചു. ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ മികച്ച സേവുകളാണ് യുണൈറ്റഡിന്റെ രക്ഷക്കെത്തിയത്.
എന്നാല്‍ 70-ാം മിനിറ്റില്‍ മൈതാനത്ത് നാടകീയമായ രംഗങ്ങള്‍ അരങ്ങേറി. മാഞ്ചെസ്റ്ററിന്റെ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ജേഡന്‍ സാഞ്ചോയുടെ ഷോട്ട് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് ഫുള്‍ഹാം താരം വില്ല്യന്‍ കൈ കൊണ്ട് തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ദൃശ്യങ്ങള്‍ പരിശോധിക്കാനായി റഫറി സ്‌ക്രീനിനടുത്തേക്ക് നീങ്ങി. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഫുള്‍ഹാം പരിശീലകന്‍ മാര്‍കോ സില്‍വ റഫറിയോട് കയര്‍ത്തു. പിന്നാലെ സില്‍വക്ക് നേരെ റഫറി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തി.
ദൃശ്യങ്ങളില്‍ നിന്ന് വില്ല്യന്‍ കൈ കൊണ്ടാണ് ഷോട്ട് തടുത്തതെന്ന് വ്യക്തമായതോടെ റഫറി യുണൈറ്റഡിന് പെനാല്‍റ്റി അനുവദിക്കുകയും വില്ല്യനെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു. പിന്നാലെ ഫുള്‍ഹാം സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് റഫറിയോട് തട്ടിക്കയറുകയും തള്ളുകയും ചെയ്തു. ഉടനടി മിട്രോവിച്ചിന് നേരേയും റഫറി ചുവപ്പുയര്‍ത്തി.
സെക്കന്റുകള്‍ക്കുള്ളില്‍ മൂന്ന് പേര്‍ ചുവപ്പ് കണ്ടതോടെ ഫുള്‍ഹാം പ്രതിരോധത്തിലായി. കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് സ്‌കോര്‍ സമനിലയിലാക്കി. മിനിറ്റുകള്‍ക്കകം മാഴ്‌സല്‍ സാബിറ്റ്‌സര്‍ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും വലകുലുക്കിയതോടെ ടെന്‍ ഹാഗും സംഘവും എഫ്എ കപ്പിന്റെ സെമിയിലേക്ക് ടിക്കറ്റെടുത്തു.
Content Highlights: Fulham Get Three Red Cards In Crazy FA Cup Clash Against Manchester United
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..