കെയ്‌ലന്‍ എംബാപ്പെയുടെ ഇരട്ടഗോളില്‍ നിമ്മിനെ തകര്‍ത്ത് ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ച് പാരിസ് സെന്റ് ജര്‍മന്‍. മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു പി.എസ്.ജിയുടെ ജയം. ഇതോടെ 25 കളികളില്‍ നിന്ന് 68 പോയിന്റുള്ള പി.എസ്.ജി 19 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഭദ്രമായ അവസ്ഥയിലാണ്.

40-ാം മിനിറ്റില്‍ കുന്‍കുവിന്റെ ഗോളിലാണ് പി.എസ്.ജി. ആദ്യം ലീഡ് നേടിയത്. 69, 89 മിനിറ്റുകളില്‍ എംബാപ്പെ ലക്ഷ്യം കണ്ട് പട്ടിക തികച്ചു. മാര്‍ക്കോ വെറാറ്റിയുടെ പാസില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോള്‍ യുവാന്‍ ബെര്‍നറ്റിന്റെ പാസില്‍ നിന്നും.

ഇതോടെ ലീഗ് വണ്ണില്‍ അമ്പത് ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇരുപതുകാരനായ എംബാപ്പെ സ്വന്തമാക്കി.

ലീഗിലെ മറ്റ് മത്സരങ്ങളില്‍ അമെയ്ന്‍സ് നൈസിനെയും (1-0) ഗുങ്ഗാമ്പ് ആംഗേഴ്‌സിനെയും (1-0) തോല്‍പിച്ചു.

Content Highlights: French Ligue 1 Kylian Mbappe Paris St-Germain