പാരിസ്: ലാ ലിഗ പോലെത്തന്നെ ഫ്രഞ്ച് ലീഗിലും കിരീടം ആരു നേടും എന്നറിയണമെങ്കില്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ല സമനില വഴങ്ങുകയും രണ്ടാം സ്ഥാനക്കാരായ പിഎസ്ജി വിജയിക്കുകയും ചെയ്തതോടെയാണിത്.  ഇതോടെ രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റ് മാത്രമായി. ഇനി ആകെ ഒരു റൗണ്ട് മത്സരം മാത്രമാണ് ലീഗില്‍ ശേഷിക്കുന്നത്.

സെന്റ് എറ്റിനക്കെതിരായ മത്സരത്തില്‍ ലില്ല ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. റൈംസിനെതിരേ പിഎസ്ജി എതിരില്ലാത്ത നാല് ഗോളിന് വിജയിച്ചു. പത്താം മിനിറ്റില്‍ തന്നെ റൈംസ് താരം അബ്ദല്‍ ഹമീദ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ പിഎസ്ജിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. പിഎസ്ജിക്കു വേണ്ടി നെയ്മര്‍, എംബാപ്പെ, കീന്‍, മാര്‍കിനസ് എന്നിവര്‍ ലക്ഷ്യം കണ്ടു. 

നിലവില്‍ ലില്ലയ്ക്ക് 80 പോയിന്റും പി.എസ്.ജിക്ക് 79 പോയിന്റുമാണുള്ളത്. അവസാന മത്സരത്തില്‍ പിഎസ്ജിയുടെ എതിരാളികള്‍ ബ്രെസ്റ്റിനാണ്. ആംഗേര്‍സുമായിട്ടാണ് ലില്ലയുടെ മത്സരം.

Content Highlights: French League Football Lille PSG