മിലാന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. ആവേശകരമായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് സ്പെയിനിനെ കീഴടക്കി. ഫ്രാന്‍സിനായി കരീം ബെന്‍സമ (66),കൈലിയന്‍ എംബാപ്പെ (80) എന്നിവര്‍ ഗോള്‍ നേടി. സ്പെയിനിന്റെ ഗോള്‍ മൈക്കല്‍ ഒയര്‍സബാള്‍ (64) നേടി.

ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്ഥാനം നേടി (21). ഇറ്റലിക്കായി നിക്കോളോ ബരേല്ല (46), ഡൊമെനിക്കോ ബെറാര്‍ഡി (പെനാല്‍ട്ടി 65) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ചാള്‍സ് കെറ്റെലെറോ (86) ബെല്‍ജിയത്തിനായി ഗോള്‍ നേടി.

ആദ്യമായിട്ടാണ് ഫ്രാന്‍സ് നേഷന്‍സ് ലീഗ് നേടുന്നത്. 2018-ല്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിന് മറ്റൊരു പ്രധാന കിരീടം കൂടി ഇതോടെ സ്വന്തമായി. പന്ത് കൈവശം വെച്ച് കളിക്കുന്നതില്‍ സ്പെയിനിനായിരുന്നു ആധിപത്യം. ആദ്യപകുതിയില്‍ മികച്ച ആക്രമണങ്ങളും നടത്താന്‍ അവര്‍ക്കായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയതോടെയാണ് ഫ്രാന്‍സ് ആക്രമണം കടുപ്പിച്ചത്. അതിന് അവര്‍ക്ക് ഫലവും കിട്ടി. ബെന്‍സമയിലൂടെ സമനില ഗോള്‍ കണ്ടെത്തിയ അവര്‍ എംബാപ്പെയുടെ വ്യക്തിഗത മികവില്‍ രണ്ടാം ഗോളും നേടി. കളിയുടെ അവസാനഘട്ടത്തില്‍ സ്പാനിഷ് താരം ഒയര്‍സബാളും ഫ്രഞ്ച് താരം ബെന്‍സമയും മികച്ച അവസരങ്ങള്‍ പാഴാക്കി.

Content Highlights: France wins UEFA Nations League