പാരിസ്: ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് തിരിച്ചടിയായി യൂറോ കപ്പിൽനിന്ന് ഒസ്മാൻ ഡെംബെലെ പുറത്ത്. ഹംഗറിക്കെതിരായ മത്സരത്തിൽ ഡെംബെലയ്ക്ക് കാൽമുട്ടിന് പരിക്കേറ്റിരുന്നു. വിദഗ്ദ്ധ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് ഡെംബെലെ യൂറോ കപ്പിൽനിന്ന് പിൻവാങ്ങിയത്.

ഹംഗറിക്കെതിരായ മത്സരത്തിന്റെ 57-ാം മിനിറ്റിൽ റാബിയോടിന് പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. മൂന്നു മിനിറ്റിനുള്ളിൽ തന്നെ പരിക്കേറ്റ് ബാഴ്സലോണ വിങ്ങർക്ക് കളം വിടേണ്ടി വന്നു.

മത്സരത്തിൽ ഫ്രാൻസിനെ ഞെട്ടിച്ച് ഹംഗറി സമനില നേടി. മരണഗൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ ഇനിയുള്ള മത്സരങ്ങൾ ഫ്രാൻസിന് നിർണായകമാണ്. പോർച്ചുഗലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ ഫ്രഞ്ച് ടീം ജർമനിയെ തോൽപ്പിച്ചിരുന്നു.

2017-ലാണ് ഡെംബെലെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ബാഴ്സലോണയിലെത്തിയത്. നെയ്മർ ബാഴ്സയിൽ നിന്ന് പി.എസ്.ജിയിലേക്ക് പോയപ്പോഴായിരുന്നു ഇത്. എന്നാൽ കരിയറിലുടനീളം പരിക്കിന്റെ പിടിയിലായ ഫ്രഞ്ച് താരത്തിന് ഈ സീസണിൽ ബാഴ്സയ്ക്കായി 44 മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു. 11 ഗോൾ അടിക്കുകയും അഞ്ച് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

Content Highlights: France Star Ousmane Dembele Ruled Out Due To Knee Injury Euro Cup 2020