പാരിസ്: ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന് സൗഹൃദമത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. താരതമ്യേന ദുര്‍ബലരായ ഫിന്‍ലന്‍ഡാണ് ഫ്രാന്‍സിനെ അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.

മാര്‍ക്കസ് ഫോര്‍സും ഒന്നി വലക്യാരിയും ഫിന്‍ലന്‍ഡിന് വേണ്ടി സ്‌കോര്‍ ചെയ്തു. ഫ്രാന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരം. ഫ്രാന്‍സിനെതിരെ ഇതാദ്യമായാണ് ഫിന്‍ലന്‍ഡ് വിജയിക്കുന്നത്. ഇതിനുമുന്‍പ് എട്ടുതവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും തോല്‍ക്കാനായിരുന്നു ടീമിന്റെ വിധി.

ലോകചാമ്പ്യന്‍മാര്‍ക്കെതിരെ ഉശിരന്‍ പ്രകടനമാണ് ഫിന്‍ലന്‍ഡ് കാഴ്ചവെച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താനായെങ്കിലും ഗോള്‍ നേടാന്‍ ഫ്രാന്‍സ് മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. ഗ്രീസ്മാന്‍, വരാനെ, മാര്‍ഷ്യല്‍, കാന്റെ, ജിറൂഡ്, പോഗ്ബ തുടങ്ങിയ ലോകോത്തര താരങ്ങളിറങ്ങിയിട്ടും ഫ്രാന്‍സിന് വിജയം നേടാനായില്ല. പരിക്ക് മൂലം സൂപ്പര്‍ താരം എംബാപ്പെ കളിക്കാനിറങ്ങിയില്ല. 

ഈ വിജയത്തോടെ അവസാനം കളിച്ച അഞ്ചുമത്സരങ്ങളില്‍ നാലിലും വിജയിക്കാന്‍ ഫിന്‍ലന്‍ഡിന് സാധിച്ചു. ലോകറാങ്കിങ്ങില്‍ ഫിന്‍ലന്‍ഡ് 55-ാമതാണ്. ഫ്രാന്‍സാകട്ടെ രണ്ടാമതും. തോല്‍വി വഴങ്ങിയതോടെ നേഷന്‍സ് ലീഗില്‍ ഇനിയുള്ള മത്സരങ്ങളില്‍ വളരെ ശ്രദ്ധയോടെയാകും ഫ്രാന്‍സ് ഇറങ്ങുക. 

Content Highlights: France slump to 2-0 defeat against Finland