സൂറിച്ച്: റഷ്യന്‍ ലോകകപ്പിനു പിന്നാലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും സ്വന്തമാക്കിയിരുന്നു. 

ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി. ബെല്‍ജിയത്തിന്റെ തിബൗട്ട് കുര്‍ട്ടോയിസിനായിരുന്നു മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം. ഈ പുരസ്‌കാരങ്ങള്‍ ഫുട്‌ബോള്‍ പണ്ഡിതരും കളിപ്രേമികളും നേരത്ത പ്രവചിച്ചതുമായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പലരും കാത്തിരുന്ന ഒരു പുരസ്‌കാരം ആര്‍ക്കെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോളിന്റെ ഉടമയെയാണ് ഫിഫ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാന്‍സിന്റെ റൈറ്റ് ബാക്ക് ബെഞ്ചമിന്‍ പവാര്‍ഡാണ് പുരസ്‌കാര ജേതാവ്.

ജൂണ്‍ 30-ന് നടന്ന ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരെ നേടിയ ഹാഫ് വോളിയാണ് മികച്ച ഗോളായി തെരെഞ്ഞെടുക്കപ്പെട്ടത്. ഇടതു വിങ്ങില്‍ നിന്ന് ലൂക്കാസ് ഹെര്‍ണാണ്ടസ് മറിച്ചു നല്‍കിയ പന്ത് ഒരു വലം കാലന്‍ ഹാഫ് വോളിയിലൂടെ പവാര്‍ഡ് വലയിലെത്തിക്കുകയായിരുന്നു. ഇരുപത് വാര അകലെ നിന്നുള്ള പവാര്‍ഡിന്റെ കിക്കില്‍ അര്‍ജന്റീന ഗോളി അര്‍മാനി അപ്രസക്തനായിപ്പോയി.

മത്സരത്തില്‍ 2-1 ന് പിന്നിട്ടു നിന്നിരുന്ന ഫ്രാന്‍സിനെ ഒപ്പമെത്തിച്ചത് പവാര്‍ഡിന്റെ ഈ ഗോളായിരുന്നു. പിന്നീട് മത്സരം 4-3 ന് ജയിച്ച ഫ്രാന്‍സ് കിരീടവും കൊണ്ടാണ് റഷ്യയില്‍ നിന്ന് മടങ്ങിയത്.

169 ഗോളുകള്‍ പിറന്ന ലോകകപ്പില്‍ പരസ്യ വോട്ടെടുപ്പിലൂടെയാണ് ഫിഫ മികച്ച ഗോളിന്റെ ഉടമയെ തെരെഞ്ഞെടുത്തത്.
കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ യുവാന്‍ ക്വിന്റെറോയേയും ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിനെയും മറികടന്നാണ് പവാര്‍ഡ് മികച്ച ഗോളിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്.

Content Highlights: france's benjamin pavard wins world cup goal of the tournament