ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ ശക്തരായ ഇംഗ്ലണ്ട് തോല്‍വി വഴങ്ങി. ബെല്‍ജിയമാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഈ തോല്‍വിയോടെ ഇംഗ്ലണ്ട് ലീഗിന്റെ സെമിഫൈനല്‍ കാണാതെ പുറത്തായി. 

പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് കീഴടക്കിയത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായുളള ചെല്‍സിയുടെ എന്‍ഗോളോ കാന്റെ ഫ്രാന്‍സിന് വേണ്ടി വല കുലുക്കി. റൊണാള്‍ഡോ കളിക്കാനിറങ്ങിയിട്ടും പോര്‍ച്ചുഗലിന് ഗോള്‍ നേടാനായില്ല. ഈ തോല്‍വിയോടെ പോര്‍ച്ചുഗല്‍ സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. 

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെ തകര്‍ത്തത്. ലോക ഒന്നാംനമ്പര്‍ ടീമായ ബെല്‍ജിയം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പത്താം മിനിട്ടില്‍ യൗറി ടിയെലെമാന്‍സിലൂടെ ബെല്‍ജിയം ലീഡെടുത്തു. 23-ാം മിനിട്ടില്‍ മനോഹരമായ ഫ്രീകിക്കിലൂടെ ഡ്രൈസ് മെര്‍ട്ടെന്‍സ് ബെല്‍ജിയത്തിന് വേണ്ടി രണ്ടാം ഗോള്‍നേടി. ഇംഗ്ലണ്ട് തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. 

മറ്റുമത്സരങ്ങളില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ സ്വീഡന്‍ 2-1 ന് തോല്‍പ്പിച്ചപ്പോള്‍ സ്‌പെയ്ന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് രണ്ട് പെനാല്‍ട്ടി കിക്കുകള്‍ പാഴാക്കി. ഇറ്റലി പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സെമി ഫൈനല്‍ പ്രതീക്ഷ കാത്തു. ഹോളണ്ടും വെയ്ല്‍സും  ഓസ്ട്രിയയും മാസിഡോണിയയുമെല്ലാം വിജയം സ്വന്തമാക്കി. 

Content Highlights: France back in the semis where England out of Nations League