രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ധ്യാൻചന്ദ് പുരസ്‌കാരം സ്വീകരിക്കുന്ന സയ്യിദ് ഷാഹിദ് ഹക്കീം | Photo: ANI
ഗുല്‍ബര്‍ഗ (കര്‍ണാടക): മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു. 82 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച ഗുല്‍ബര്‍ഗയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1960-ലെ റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളുമായി അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമുള്ളയാളായിരുന്നു അടുപ്പക്കാര്‍ ഹക്കീം സാബ് എന്നു വിളിച്ചിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം.
മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സയ്യിദ് അബ്ദുള്‍ റഹീമിന്റെ മകനാണ് ഇദ്ദേഹം.
ദ്രോണാചാര്യ പുരസ്‌കാര ജേതാവായ അദ്ദേഹം 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിച്ച പി.കെ ബാനര്‍ജിയുടെ സഹ പരിശീലകനായിരുന്നു. പിന്നീട് നടന്ന മെര്‍ദേക്ക കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ലഭിച്ചത് ഹക്കീമിനായിരുന്നു.
1988-ലെ ഡ്യൂറൻഡ് കപ്പില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ജേതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര (ഇപ്പോഴത്തെ മഹീന്ദ്ര യുണൈറ്റഡ്) ടീമിനെ പരിശീലിപ്പിച്ചത് ഹക്കീമായിരുന്നു. സാല്‍ഗോക്കറിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു. ബംഗാള്‍ മുംബൈ എഫ്.സിയെയാണ് അവസാനം പരിശീലിപ്പിച്ചത്. 2004-05 സീസണിലായിരുന്നു ഇത്.
ഫിഫ ബാഡ്ജ് നേടിയിട്ടുള്ള രാജ്യാന്തര റഫറി കൂടിയായിരുന്ന അദ്ദേഹം ഏഷ്യന്‍ ക്ലബ്ബ് കപ്പിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ പ്രശസ്തമായ ധ്യാന്‍ ചന്ദ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മുന്‍ സ്‌ക്വാഡ്രോണ്‍ ലീഡറായിരുന്ന ഹക്കീം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജ്യണല്‍ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2017-ല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍-17 ഫിഫ ലോകകപ്പിന്റെ ചുമതല വഹിച്ചതും ഹക്കീം തന്നെ.
Content Highlights: Former Olympic footballer and ex-national football coach Syed Shahid Hakim died
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..