കൊച്ചി: മിസോറം സ്വദേശിയും മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരവുമായിരുന്ന ലാല്‍തങ്ക ഖോള്‍ഹ്രിങ് ഇനി കേരള ബ്ലാസ്റ്റേഴ്‌സില്‍. 'പ്യൂട്ടിയ' എന്നു വിളിക്കുന്ന ഈ 22-കാരന്‍ ഒരേസമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്ങുകളിലും കഴിവ് തെളിയിച്ച താരമാണ്.

മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‌ലഹേം വെങ്ത്‌ലാങ് ക്ലബ്ബിലാണ് ഖോള്‍ഹ്രിങ് തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഡി.എസ്.കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച താരത്തിന് അതേ വര്‍ഷം സീനിയര്‍ ടീമിലും ഇടം ലഭിച്ചു.

2017-18 സീസണില്‍ ഐ ലീഗില്‍ ഐസ്വാള്‍ എഫ്.സിക്കായി കളത്തിലിറങ്ങിയ താരം അവിടെ നിന്നാണ് നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്. രണ്ട് ഐ.എസ്.എല്‍ സീസണുകളിലായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി 29 മത്സരങ്ങളില്‍ കളിച്ചു. മിഡ്ഫീല്‍ഡില്‍ വിശ്വസിച്ച് ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് ഈ 22-കാരന്‍.

''ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദമുള്ള ടീമില്‍  കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഞങ്ങളുടെ ടീം വര്‍ക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാല്‍, ഐ.എസ്.എല്‍ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' - ഖോള്‍ഹ്രിങ് പറഞ്ഞു.

Content Highlights: Former North East United player Lalthathanga Khawlhring joins Kerala Blasters