കൊല്‍ക്കത്ത: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ ഐ.എസ്.എല്‍ ക്ലബ് എ.ടി.കെ മോഹന്‍ ബഗാനില്‍. ജിംഗാനുമായി കരാര്‍ ഒപ്പിട്ടതായി ക്ലബ്ബ് അറിയിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍.

നിലവിലെ ഐ.എസ്.എല്‍ ജേതാക്കളായ എ.ടി.കെയും ഐ-ലീഗ് ജേതാക്കളായ മോഹന്‍ ബഗാനും ലയിച്ചാണ് എ.ടി.ക്കെ മോഹന്‍ ബഗാന്‍ രൂപം കൊണ്ടത്. വരുന്ന ഐ.എസ്.എല്‍ ഈ ടീമിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയാകും. ഐ.എസ്.എല്‍ പ്രഥമ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ജിംഗാന്‍ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നില്ല.

പുതിയ ക്ലബ്ബിനൊപ്പം ചേരാനായതില്‍ സന്തോഷമുണ്ടെന്ന് ഇത്തവണത്തെ അര്‍ജുന പുരസ്‌കാര ജേതാവ് കൂടിയായ ജിംഗാന്‍ പ്രതികരിച്ചു. പരിശീലകന്‍, ഉടമകള്‍ എന്നിവരുമായും സംസാരിച്ചുവെന്നും ടീം മാറ്റത്തില്‍ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: former kerala blasters star Sandesh Jhingan joined in ATK Mohun Bagan