ചാലക്കുടി: ഇന്ത്യന്‍ ഫുട്ബോളിന്റെ ഉന്നതിയിലെത്തിയപ്പോഴും ചാലക്കുടിയില്‍ കളി പറഞ്ഞുകൊടുക്കാന്‍ ഓടിയെത്തുന്ന പി.വി. രാമകൃഷ്ണന്‍ എന്ന രാമകൃഷ്ണേട്ടന്‍ പഴയ തലമുറയിലും പുതിയ തലമുറയിലുംപെട്ട ഫുട്ബോള്‍ താരങ്ങളുടെ ആവേശമായിരുന്നു. ചാലക്കുടിയില്‍ കളികളുടെയും കളിക്കാരുടെയുമിടയില്‍ ആവേശം പകരാന്‍ അവര്‍ക്കിടയില്‍ മിതഭാഷിയായ രാമകൃഷ്ണനുണ്ടാകും.

ചാലക്കുടി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ടീമില്‍ ഇടം നേടിയ അദ്ദേഹം ജില്ലാ ലീഗില്‍ ചലഞ്ചേഴ്സ് ക്ലബ്ബിനുവേണ്ടി പലവട്ടം ബൂട്ടണിഞ്ഞു. മികച്ച മിഡ്ഫീല്‍ഡറായിരുന്ന രാമകൃഷ്ണനെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാസ്‌കോ ഗോവ ടീമിലെടുത്തു. തുടര്‍ന്ന് പഠനം തുടരാനായില്ല. മിഡ് ഫീല്‍ഡില്‍ കളിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും മുന്നേറ്റനിരയിലെത്തുന്ന പ്രത്യേക മികവ് രാമകൃഷ്ണനുണ്ടായിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പവും എതിര്‍ടീമിലും കളിച്ചിട്ടുള്ള പരിശീലകന്‍ ടി.കെ. ചാത്തുണ്ണി പറയുന്നു.

1967,68 വര്‍ഷങ്ങളില്‍ കോലാലംപൂരില്‍ നടന്ന മെര്‍ദേക്ക ഫുട്‌ബോളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1964 മുതല്‍ 72 വരെ തുടര്‍ച്ചയായി സന്തോഷ് ട്രോഫി കേരള ടീമംഗമായിരുന്നു രാമകൃഷ്ണന്‍. 1968-ല്‍ ടീം ക്യാപ്റ്റനായിരുന്നു. 

ചാലക്കുടി സര്‍ക്കാര്‍ ബോയ്സ് ഹൈസ്‌കൂളിലായിരുന്നു പഠനം. ഗ്ലാമര്‍ ടീമുകളായിരുന്ന പ്രീമിയര്‍ ടയേഴ്സ്, അലിന്‍ഡ് കുണ്ടറ, മധുരാ കോട്സ് എന്നിവയ്ക്കുവേണ്ടിയും കളിച്ചു. പിന്നീട് ഫുട്ബോള്‍ പരിശീലകനായും സംഘാടകനായും തിളങ്ങി. ചാലക്കുടി ചലഞ്ചേഴ്സ് ക്ലബ്ബിന്റെ പ്രധാന കളിക്കാരനും പ്രവര്‍ത്തകനുമായിരുന്നു.

Content Highlights: former indian footballer pv ramakrishnan passed away