ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നുവെന്ന് മുന്‍ കാപ്റ്റന്‍ സോന ചൗധരിയുടെ വെളിപ്പെടുത്തൽ. 'ഗെയിം ഇന്‍ ഗെയിം' എന്ന തന്റെ പുസ്തകത്തിലാണ് അവര്‍ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഫുട്ബോളില്‍ സജീവമായിരുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന ലൈംഗിക ചൂഷണത്തിന്റെ വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. ടീം അംഗങ്ങളെ പരിശീലകനും സെക്രട്ടറിയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി സോന ചൗധരി പറയുന്നു. ടീമിൽ സ്ഥാനം ലഭിക്കാൻ കളിക്കാരികൾ 'വിട്ടുവീഴ്ച' ചെയ്യേണ്ടിവരാറുണ്ടായിരുന്നവെന്നും അവർ പുസ്തകത്തിൽ വെളിപ്പെടുത്തി.
ടീം മാനേജ്മെന്റിലെ അംഗങ്ങൾ ടീം അംഗങ്ങളെ വഴിവിട്ട ബന്ധങ്ങള്‍ക്ക് നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും എതിര്‍ത്തവരെ പലതരത്തിലും ഉപദ്രവിച്ചിരുന്നതായും അവര്‍ വ്യക്തമാക്കുന്നു. സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ടീം അംഗങ്ങള്‍ക്കും ഇത്തരം ചൂഷണങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. ടൂര്‍ണമെന്റുകള്‍ക്കായി ദൂരയാത്രകള് വേണ്ടിവരുമ്പോള്‍ കോച്ചും ടീം മാനേജ്മെന്റ് അംഗങ്ങളും താരങ്ങളുടെ മുറികളിൽ തന്നെയാണ് തങ്ങാറുള്ളത്. ഇവരുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ പല കളിക്കാരികൾക്കും സ്വവർഗാനുരാഗികളാണെന്ന് അഭിനയിക്കേണ്ടിവരെ വന്നിരുന്നു. ഇതു സംബന്ധിച്ച് അധികാരികളോട് പരാതിപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ലെന്നും അവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
1998ലെ ഏഷ്യാ കപ്പില്‍ കാല്‍മുട്ടിനും നടുവിനുമേറ്റ പരിക്കിനെ തുടര്‍ന്ന് ഫുട്ബോളില്‍നിന്ന് വിരമിച്ച സോന ചൗധരിയുടെ പുസ്തകം ഏതാനും ദിവങ്ങള്‍ക്ക് മുമ്പാണ് വാരാണസിയില്‍ പ്രകാശനം ചെയ്യപ്പെട്ടത്.
സോന ചൗധരിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..