Photo: twitter.com
കോഴിക്കോട്: അള്‍ജീരിയക്കെതിരേ നേടിയ ഗോളിന്റെയും അര്‍ജന്റീനയ്‌ക്കെതിരേ നേടാന്‍ കഴിയാതെപോയ ഗോളിന്റെയും പേരിലാകും നരീന്ദര്‍ ഥാപ്പ ഇന്ത്യന്‍ ഫുട്ബോളില്‍ അനശ്വരനാകുന്നത്. ആ രണ്ടു മുഹൂര്‍ത്തങ്ങളും ഇന്ത്യന്‍ ഫുട്ബോള്‍ അത്രമേല്‍ ഓര്‍ത്തുവെക്കുന്നതാണ്. അവസാനകാലത്ത് രോഗങ്ങളോട് മല്ലടിച്ച് കഴിഞ്ഞപ്പോഴും ഥാപ്പയ്ക്ക് ആശ്വാസം പകര്‍ന്നതും ഇതേ ഓര്‍മകളാകും. ഒടുവില്‍ ഇന്ത്യന്‍ ഫുട്ബോളിലെ മറ്റൊരു സുവര്‍ണതാരംകൂടി കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ ആ ചരിത്രസംഭവങ്ങളാകും ഫുട്ബോള്‍ പ്രേമികളുടെയും മനസ്സില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുന്‍ ഇന്ത്യന്‍ താരമായ ഥാപ്പ മരണത്തിന് കീഴടങ്ങിയത്.
പഞ്ചാബില്‍നിന്ന് നരീന്ദര്‍ ഥാപ്പ കൊല്‍ക്കത്തയിലേക്ക് തട്ടകം മാറ്റുന്നത് ഫുട്ബോളിന്റെ വളക്കൂറ് കണ്ടുതന്നെയാണ്. മുഹമ്മദന്‍സിലും മോഹന്‍ബഗാനിലുമായി മധ്യനിരതാരത്തിന്റെ കളിമികവ് ഫുട്ബോള്‍ലോകം കണ്ടു. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രനിമിഷങ്ങളില്‍ പെനാല്‍ട്ടി ബോക്സിനുള്ളില്‍ ഥാപ്പയുണ്ടായിരുന്നു.
ആദ്യത്തേത് 1984-ല്‍ ചൈനയില്‍ നടന്ന ഗ്രേറ്റ് വാള്‍കപ്പ് ടൂര്‍ണമെന്റ്. 1982-ല്‍ ലോകകപ്പില്‍ കളിച്ച ടീമുമായെത്തിയ അള്‍ജീരിയയെ ഇന്ത്യ നേരിടുന്നു. കടുത്ത മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് ഏകഗോള്‍ ജയം. അന്ന് മൂന്ന് പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് വിജയഗോള്‍ നേടിയത് നരീന്ദര്‍ ഥാപ്പയായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിന് ഒരിക്കലും മറക്കാന്‍കഴിയാത്ത ഗോള്‍.
രണ്ടാമത്തെ സംഭവം 1984-ല്‍. ജനുവരി 14-ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍നടന്ന നെഹ്രു കപ്പ് ലീഗ് മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി സാക്ഷാല്‍ അര്‍ജന്റീന. കാര്‍ലോസ് ബിലാര്‍ഡോ പരിശീലിപ്പിച്ച ടീം അതിശക്തര്‍. ഇതിഹാസതാരം ഡീഗോ മാറഡോണയുടെ കുറവുമാത്രമേ ടീമിനുള്ളൂ. 80 മിനിറ്റുവരെ അര്‍ജന്റീനയെ ഇന്ത്യ പിടിച്ചുനിര്‍ത്തി. എന്നാല്‍ റിക്കാര്‍ഡോ ഗരേക്കയിലൂടെ അര്‍ജന്റീന ലീഡെടുത്തു. അതിനുശേഷം പത്തുമിനിറ്റ് ഇന്ത്യന്‍ ടീമിന്റെ വീറുറ്റ പ്രകടനമാണ് കണ്ടത്. മൂന്നുതവണയാണ് ഇന്ത്യ ഗോളിനടുത്തെത്തിയത്. ഷബീര്‍ അലിയുടെ ശ്രമം ഓഫ് സൈഡ് ആയെങ്കില്‍ അലോക് മുഖര്‍ജിയുടെ ശ്രമം പ്രതിരോധം കഷ്ടിച്ച് രക്ഷപ്പെടുത്തി. പിന്നീടാണ് മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഗോള്‍ശ്രമം കണ്ടത്. അത് നരീന്ദറിന്റെ വക. പകരക്കാരന്‍ പ്രേം ദോര്‍ജി നല്‍കിയ പന്തുമായി രണ്ട് അര്‍ജന്റീന താരങ്ങളെ വെട്ടിച്ച് നരീന്ദര്‍ വെടിപൊടിച്ചു. പന്ത് അര്‍ജന്റീന ഗോള്‍ കീപ്പറെയും മറികടന്ന് വലയിലേക്ക് നീങ്ങിയെങ്കിലും ജൂലിയന്‍ കാമിനോ നടത്തിയ അദ്ഭുതകരമായ സേവ്. അന്നത് ഗോളായിരുന്നെങ്കില്‍ നരീന്ദര്‍ ഒരിക്കലും ഇന്ത്യന്‍ ഫുട്ബോളിലെ അറിയപ്പെടാത്ത പ്രതിഭകളുടെ കൂട്ടത്തിലേക്ക് വന്നുചേരുമായിരുന്നില്ല.
1983 മാര്‍ച്ച് 15-ന് കൊച്ചിയില്‍ ചൈനയ്‌ക്കെതിരേയാണ് നരീന്ദറിന്റെ അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള അരങ്ങേറ്റം. 29 മത്സരങ്ങളില്‍ മധ്യനിരതാരം കളിച്ചു. മൂന്ന് നെഹ്രു കപ്പുകള്‍, സിങ്കപ്പൂരില്‍നടന്ന ഏഷ്യാകപ്പ് എന്നിവയില്‍ ഇറങ്ങി. അതാനു ഭട്ടാചാര്യ, ബ്രഹ്‌മാനന്ദ്, സുബ്രതോ ഭട്ടാചാര്യ, സുധീപ് ചാറ്റര്‍ജി, ഡെറിക് പെരേര, ബികാഷ് പാഞ്ചി, പര്‍മീന്ദര്‍ സിങ്, ഷബീര്‍ അലി, ബാബുമണി, ക്രിഷാനുഡേ തുടങ്ങിയ വമ്പന്‍താരങ്ങള്‍ക്കൊപ്പമാണ് നരീന്ദര്‍ ദേശീയടീമില്‍ കളിച്ചിരുന്നത്. ബംഗാളിനൊപ്പം സന്തോഷ് ട്രോഫി ജയിച്ചു. മുഹമ്മദന്‍സിനും മോഹന്‍ബഗാനുമൊപ്പം ഫെഡറേഷന്‍ കപ്പ് നേടി.
Content Highlights: former India football player Narendra Thapa passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..