2011-ല്‍ ബ്രസീലില്‍ നിന്ന് ഭാര്യയ്ക്കും മകനുമൊപ്പം ഇറ്റലിയിലേക്ക് വിമാനം കയറുമ്പോള്‍ ജീവിതം കരുപ്പിടിപ്പിക്കുക എന്നത് മാത്രമായിരുന്നു ജൂനിയര്‍ മെസ്സിയാസ് എന്ന സാധാരണ ഫുട്‌ബോളറുടെ ലക്ഷ്യം. 

എന്നാല്‍ ജീവനാഡിയായ ഫുട്‌ബോളിന് തന്റെ ജീവിതം തന്നെ മാറ്റിമറിക്കാനാകുമെന്ന് അധികം വൈകാതെ തന്നെ മെസ്സിയാസ് തിരിച്ചറിഞ്ഞു. ഇറ്റലിയില്‍ ഫ്രിഡ്ജുകള്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതായിരുന്നു മെസ്സിയാസിന്റെ ജോലി. ഒഴിവ് സമയം കിട്ടുമ്പോള്‍ താമസസ്ഥലത്തിനടുത്ത് ഫുട്‌ബോള്‍ കളിക്കാന്‍ പോകും. 

എന്നാല്‍ ആ കളി മെസ്സിയാസിനെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത് ഇറ്റാലിയന്‍ വമ്പന്‍മാരായ എ സി മിലാന്റെ തട്ടകത്തിലാണ്. ഇറ്റാലിയന്‍ ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ക്രോടോണില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മിലാന്‍ താരത്തെ സ്വന്തമാക്കിയത്. ഈ സീസണില്‍ വായ്പാ അടിസ്ഥാനത്തിലാണ് മെസ്സിയാസ് മിലാനായി കളിക്കുക. 

ഇറ്റലിയിലെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ കളിച്ച് സമയംകളഞ്ഞിരുന്ന മെസ്സിയാസിനെ കണ്ടെത്തുന്നത് മുന്‍ ടോറിനോ താരമായ എസിയോ റോസ്സിയാണ്. അങ്ങനെ 2015-ല്‍ താരം കസാലെ ക്ലബ്ബിന്റെ ഭാഗമാകുന്നു. അവിടെ നിന്നും 2017-ല്‍ ഗൊസാനോയിലേക്കും താരം എത്തിപ്പെടുന്നു. ക്ലബ്ബിന് സീരി സിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെ മെസ്സിയാസിന്റെ കളി ശ്രദ്ധിക്കപ്പെടുന്നു.

പിന്നീട് ഗൊസാനോയില്‍ നിന്ന് 2019 ജനുവരിയില്‍ താരത്തെ സീരി ബി ക്ലബ്ബ് ക്രോടോണ്‍ സ്വന്തമാക്കി. എന്നാല്‍ ക്ലബ്ബ് താരത്തെ തിരിച്ച് വായ്പാ അടിസ്ഥാനത്തില്‍ ഗൊസാനോയ്ക്ക് തന്നെ നല്‍കി. 2018-19 സീസണില്‍ ക്ലബ്ബിഗൊസാനോയ്ക്കായി നാലു ഗോളുകളും ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അടിച്ചുകൂട്ടി. 

പിന്നീട് തിരിച്ചെത്തി ക്രോടോണിനായി 2019 ഓഗസ്റ്റില്‍ സീരി ബിയില്‍ അരങ്ങേറ്റം കുറിച്ചു. ആറു ഗോളുകളുമായി ക്ലബ്ബിനെ ഇറ്റാലിയന്‍ ടോപ് ഡിവിഷനിലേക്ക് ഉയര്‍ത്തുന്നതില്‍ മെസ്സിയാസിന്റെ പങ്ക് നിര്‍ണായകമായതോടെയാണ് എ സി മിലാന്‍ താരത്തെ നോട്ടമിടുന്നത്. 

മിലാനിലെത്തിയതോടെ 29-കാരനെ കാത്തിരിക്കുന്നത് തീപാറുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളടക്കമുള്ള മത്സരങ്ങളാണ്.

Content Highlights: Former Fridge Delivery Man to feature in Champions League After AC Milan Move