ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയ്‌ക്കെതിരായ അഴിമതി ആരോപണത്തില്‍ പുതിയ തെളിവുകളുമായി അമേരിക്കയുടെ അന്വേഷണ സംഘം.

2018-ല്‍ റഷ്യയ്ക്കും 2022-ല്‍ ഖത്തറിനും ഫുട്ബോള്‍ ലോകകപ്പ് അനുവദിക്കുന്നതിനായി ഫിഫ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ കൈക്കൂലി കൈപ്പറ്റിയെന്ന് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി.

അഞ്ചുവര്‍ഷം മുമ്പ്, ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥാനം ഏറ്റെടുത്തത്.

അതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ തിങ്കളാഴ്ച പുറത്തുവിട്ട 69 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്.

2010-ലെ ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് 2018 ലോകകപ്പ് റഷ്യക്കും 2022 ലോകകപ്പ് ഖത്തറിനും അനുവദിച്ചത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ പല പ്രമുഖര്‍ക്കും കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടെന്നും ഇതിലെ ഭൂരിഭാഗവും അത് കൈപ്പറ്റിയെന്നും അന്വേഷണ സംഘം പറയുന്നു.

ബ്രസീല്‍ ഫുട്ബോള്‍ പ്രസിഡന്റായിരുന്ന റിക്കാര്‍ഡോ ടെക്സേര, ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സംഘടനയുടെ പ്രസിഡന്റായിരുന്ന നിക്കോളാസ് ലിയോസ് തുടങ്ങിയവര്‍ 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കുന്നതിനായി പണം കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്നു.

വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഫുട്ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫ് തലവനും ഫിഫ വൈസ് പ്രസിഡന്റുമായിരുന്ന ജാക് വെര്‍ണര്‍, 2018 ലോകകപ്പ് വേദി റഷ്യയ്ക്ക് അനുവദിക്കാനായി 35 കോടിയോളം രൂപ കൈക്കൂലി വാങ്ങി. ഇദ്ദേഹത്തെ പിന്നീട് ഫിഫ പുറത്താക്കിയിരുന്നു.

ഗ്വാട്ടിമാലയുടെ ഫുട്ബോള്‍ തലവനായ റാഫേല്‍ സല്‍ഗൂരോ കൈക്കൂലി വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. വേദി തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പില്‍ തങ്ങള്‍ പറയുന്ന രാജ്യത്തിന് അനുകൂലമായി വോട്ടുചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇടനിലക്കാര്‍ ഫിഫ തലവന്‍മാരെ സമീപിച്ചത്.

ടെലിവിഷന്‍സംപ്രേഷണത്തിനും കൈക്കൂലി

ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കുന്നതിലും അഴിമതി നടന്നതായി അന്വേഷണത്തില്‍ വ്യക്തമായി. 2018, 2022 ലോകകപ്പുകളുടെ സംപ്രേഷണാവകാശം ലേലം ചെയ്യുന്നതിന്റെ രഹസ്യങ്ങള്‍ അറിയാന്‍ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് കൈക്കൂലി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: Former Fifa executives accused of bribes over World Cup votes