ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ചെല്‍സിയുടെയും ന്യൂ കാസില്‍ യുണൈറ്റഡിന്റെയും മുന്‍ താരമായ ഡെംബ ബാ ഫുട്‌ബോളിനോട് വിടപറയുന്നു. 16 വര്‍ഷം നീണ്ട കരിയറാണ് ബാ അവസാനിപ്പിക്കുന്നത്. 

വെസ്റ്റ് ഹാം യുണൈറ്റഡ്, ബെസിക്റ്റസ്, ഷാങ്ഹായ് ഷെന്‍ഹുവ, ഈസ്താംബൂള്‍ ബസക്‌സെഹിര്‍, എഫ്.സി ലുഗാനോ എന്നീ ടീമുകള്‍ക്ക് വേണ്ടിയും ബാ കളിച്ചിട്ടുണ്ട്. 

2013-2014 സീസണില്‍ ചെല്‍സിയ്ക്ക് വേണ്ടി 33 മത്സരങ്ങള്‍ കളിച്ച ബാ 7 ഗോളുകള്‍ നേടിയിട്ടുണ്ട്. സെനഗല്‍ താരമായ ബാ രാജ്യത്തിന് വേണ്ടി 22 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. 2013-ല്‍ ചെല്‍സിയ്‌ക്കൊപ്പം യൂറോപ്പ ലീഗ് കിരീടത്തില്‍ പങ്കാളിയായി. 

ന്യൂകാസിലിനായി 54 മത്സരങ്ങളിലാണ് താരം കളിക്കാനിറങ്ങിയത്. 29 ഗോളുകളും സ്വന്തമാക്കി. ന്യൂകാസിലില്‍ നിന്നാണ് ബാ ചെല്‍സിയിലെത്തിയത്. നിലവില്‍ സ്വിസ്സ് സൂപ്പര്‍ ലീഗില്‍ എഫ്.സി ലുഗാനോയ്ക്ക് വേണ്ടിയാണ് ബാ കളിക്കുന്നത്. 

Content Highlights: Former Chelsea and Newcastle United forward Demba Ba calls day on his career