കോഴിക്കോട്: മലയാളി ഫുട്ബോള്‍ ആരാധകരുടെ പ്രിയതാരം ഹോസു തിരിച്ചെത്തുന്നു. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിലേക്കല്ല, ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യുടെ ജേഴ്സിയിലാകും സ്പാനിഷ് താരം കളിക്കാനിറങ്ങുന്നത്. അടുത്ത സീസണില്‍ ഹോസുവിന് പുറമെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ താരങ്ങളായ മാര്‍ക്കസ് ജോസഫും ആന്ദ്രെ എറ്റീനും ടീമിലുണ്ടാകും.

ഹോസു പ്രിയേറ്റ കുര്യാസ് 2015 മുതല്‍ രണ്ട് സീസണുകളില്‍ കേരള ഫുട്ബോളിനെ ഇളക്കിമറിച്ച താരമാണ്. സൂപ്പര്‍ ലീഗ് ക്ലബ്ബ് ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. ലെഫ്റ്റ് ബാക്കായും മധ്യനിരതാരമായും കളിക്കാന്‍ കഴിവുണ്ട്.

താരവുമായുള്ള ചര്‍ച്ചകള്‍ ഗോകുലം മാനേജ്മെന്റ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം എഫ്.സി. സിന്‍സിനാറ്റി, ലാഗോസ്റ്ററെ, വാത്തി, പെറാലഡ ക്ലബ്ബുകള്‍ക്കായി കളിച്ചു. ജിറോണ, ബാഴ്സലോണ, എസ്പാന്യോള്‍ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റം വഴി വളര്‍ന്ന താരം രണ്ട് സീസണ്‍ കൊണ്ട് കേരളത്തില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചു.

ഗോകുലം ടീമിലെത്തുന്ന രണ്ടാം ബ്ലാസ്റ്റേഴ്സ് വിദേശ താരമാണ്. മുമ്പ് അന്റോണിയോ ജര്‍മെയ്നെ ടീമിലെത്തിച്ചിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെത്തുടര്‍ന്നാണ് നായകനും മുന്നേറ്റനിരതാരവുമായ മാര്‍ക്കസ് ജോസഫിനെയും സെന്‍ട്രല്‍ ബാക്ക് ആന്ദ്രെ എറ്റീനെയും നിലനിര്‍ത്താന്‍ തീരുമാനിച്ചത്. നാലാം വിദേശതാരം ഏഷ്യയില്‍ നിന്നാകും.

ഇതിനിടെ തിരൂര്‍ സാറ്റിന്റെ മധ്യനിരതാരം റിംഷാദ്, എ.എഫ്.സി. കപ്പില്‍ നേപ്പാളി ക്ലബ്ബ് മനാങ് മര്‍ഷ്യാങ്ഡിക്ക് കളിച്ച മലപ്പുറത്തുകാരന്‍ പ്രതിരോധനിരതാരം മുഹമ്മദ് ആസിഫ്, കേരള യൂണിവേഴ്സിറ്റി പ്രതിരോധനിര താരം ബിജോയ് എന്നീ യുവതാരങ്ങളുമായും ക്ലബ്ബ് കരാറിലെത്തി. ഇതിന് പുറമെ റിസര്‍വ് ടീമില്‍നിന്നും താരങ്ങളെത്തും.

Content Highlights: former Blasters midfielder Josu Currais returning