ബെർലിൻ: ജർമനി ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ബയേൺ മ്യൂണിക്കിന്റെ മുൻ പരിശീലകൻ ഹാൻസ് ഫ്ളിക്കിനെ നിയമിച്ചു. അടുത്ത മാസം നടക്കുന്ന യൂറോ കപ്പിന് ശേഷമായിരിക്കും ഫ്ളിക്ക് ചുമതലയേൽക്കുക. മൂന്നു വർഷത്തേക്കാണ് കരാർ.

കഴിഞ്ഞ 15 വർഷമായി ജർമനിയെ പരിശീലിപ്പിക്കുന്ന ജോക്കിം ലോവിന് പകരക്കാരനായാണ് ഫ്ളിക്ക് സ്ഥാനമേൽക്കുന്നത്. ജൂൺ പതിനൊന്നിന് ആരംഭിക്കുന്ന യൂറോ കപ്പ് പോരാട്ടത്തിന് പിന്നാലെ ലോവ് സ്ഥാനമൊഴിയും.

ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ് ലിഗ കിരീടനേട്ടം ആഘോഷിച്ചതിന് പിന്നാലെയാണ് ഫ്ളിക്ക് ജർമൻ ടീമിന്റെ ചുമതലയേൽക്കുന്നത്. 2022-ലെ ഖത്തർ ലോകകപ്പും 2024-ലെ യൂറോ കപ്പുമാകും ഫ്ളിക്കിനു മുന്നിലുള്ള വെല്ലുവിളികൾ.

ജോക്കിം ലോവിന്റെ സഹ പരിശീലകനായി ജർമൻ ടീമിനൊപ്പം പ്രവർത്തിച്ച പരിചയം ഫ്ളിക്കിനുണ്ട്. 2006 മുതൽ 2014-ലെ ലോകകപ്പ് കിരീടം വരെ ലോവിന്റെ അസിസ്റ്റന്റായിരുന്നു ഫ്ളിക്ക്.

2019-ലാണ് ഫ്ളിക്ക് ബയേൺ മ്യൂണിക്കിന്റെ പരിശീലകനാകുന്നത്. പിന്നീട് ഏഴു കിരീടങ്ങൾ ബയേൺ അക്കൗണ്ടിലെത്തിച്ചു. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ബുണ്ടസ് ലിഗ, ചാമ്പ്യൻസ് ലീഗ്, ജർമൻ കപ്പ്, ജർമൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങൾ ബയേൺ സ്വന്തമാക്കി.

Content Highlights: Former Bayern Munich manager Hansi Flick to become new Germany coach