ഫുട്‌ബോള്‍ താരങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു; ഇതുവരെ ഇരയായത് 80-ഓളം താരങ്ങള്‍


ഏറ്റവും ഒടുവിലത്തെ ഇര ബാഴ്സലോണ സ്ട്രൈക്കര്‍ പിയറി ഔബമേയങ്ങാണ്. താരത്തെയും കുടുംബത്തെയും തോക്കിന്‍മുനയില്‍നിര്‍ത്തി സേഫ് തുറപ്പിച്ച് ആഭരണങ്ങളുമായി കടന്നു

Photo: Print

തുനിമിഷവും അക്രമികള്‍ അകത്തുകയറിവരാം, ആക്രമിക്കപ്പെടാം, ബന്ധിക്കപ്പെടാം, കൊള്ളയടിക്കപ്പെടാം. യൂറോപ്പിലെ സമ്പന്ന ക്ലബ്ബുകളില്‍ കളിക്കുന്ന ഫുട്ബോള്‍ താരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും രാത്രികള്‍ പേടിസ്വപ്നങ്ങളാകുന്നു.

ഏറ്റവും ഒടുവിലത്തെ ഇര ബാഴ്സലോണ സ്ട്രൈക്കര്‍ പിയറി ഔബമേയങ്ങാണ്. താരത്തെയും കുടുംബത്തെയും തോക്കിന്‍മുനയില്‍നിര്‍ത്തി സേഫ് തുറപ്പിച്ച് ആഭരണങ്ങളുമായി കടന്നു. ഔബമേയങ്ങിന്റെ ബാഴ്സലോണയിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് അക്രമമുണ്ടായത്. ഇരുമ്പുവടികൊണ്ട് താരത്തെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയും ചെയ്തു.

കൊള്ളയടിക്കപ്പെട്ടത് 80 പേര്‍

2005-ഓടെയാണ് താരങ്ങള്‍ ആക്രമിക്കപ്പെടുന്ന പ്രവണത തുടങ്ങുന്നത്. ഇതുവരെ 80 താരങ്ങളെങ്കിലും ആക്രമിക്കപ്പെട്ടതായി വൈസ് വേള്‍ഡ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് പരിശീലകരും കൊള്ളയടിക്കപ്പെട്ടു. കടുത്ത മാനസികാഘാതമാണ് ഈ കുടുംബങ്ങള്‍ക്കുണ്ടാകുന്നത്.

യൂറോപ്പിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ലോകത്തെ വമ്പന്‍താരങ്ങളില്‍ പലര്‍ക്കും ആഴ്ചതോറും അതിഭീമമായ പ്രതിഫലം ലഭിക്കുന്നു. 6.35 കോടി രൂപയാണ് പി.എസ്.ജി.യുടെ അര്‍ജന്റീനാ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ആഴ്ചയിലെ പ്രതിഫലം. സാധാരണക്കാര്‍ക്ക് പതിറ്റാണ്ടുകള്‍കൊണ്ട് സാധിക്കാത്തത് ഇവര്‍ ഒരാഴ്ചകൊണ്ട് നേടുന്നു. ഈ താരങ്ങളുടെയെല്ലാം വീട്ടില്‍ അമൂല്യമായ പലതുമുണ്ടാകും. ഒറ്റക്കൊള്ളയിലൂടെ ജീവിതകാലത്തേക്കുള്ളത് കിട്ടും എന്ന ചിന്തയിലാണ് കൊള്ളക്കാര്‍ താരങ്ങളെ ലക്ഷ്യമിടുന്നത്.

ബെന്‍സമ ഇരയായത് മൂന്നുവട്ടം

റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സമയുടെ വീട്ടില്‍ ജനുവരിയില്‍ മോഷണം നടന്നു. കൊള്ളക്കാര്‍ മൂന്നാം തവണയാണ് ബെന്‍സമയുടെ വീട് ലക്ഷ്യംവെക്കുന്നത്. ചെല്‍സി കോച്ചും മുന്‍ ഇംഗ്ലണ്ട് താരവുമായ് ഫ്രാങ്ക് ലാംപാര്‍ഡിന്റെ വീട്ടിലും മൂന്നുവട്ടം അക്രമികള്‍ കയറി. ആഭരണശേഖരം അപ്പാടെ കൊണ്ടുപോയി. ബെന്‍ഫിക്കയുടെ ഡിഫന്‍ഡര്‍ നിക്കൊളാസ് ഒട്ടാമെന്‍ഡി കഴിഞ്ഞ ഡിസംബറില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ചായിരുന്നു ആക്രമണം. കോടികള്‍ മൂല്യമുള്ള വസ്തുക്കള്‍ അപഹരിച്ചു. ജനുവരിയില്‍ ബ്രെന്റ്ഫോഡിനെതിരായ മത്സരം കളിച്ചുകൊണ്ടിരിക്കെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് താരം വിക്ടോര്‍ ലിന്‍ഡലോഫിന്റെ ലണ്ടനിലെ വസതിയില്‍ കൊള്ളക്കാരെത്തി. അക്രമികള്‍ അകത്തുകയറുംമുമ്പേ താരത്തിന്റെ ഭാര്യയും രണ്ടു മക്കളും പ്രത്യേകം തയ്യാറാക്കിയ ഒരു മുറിയില്‍ക്കയറി കുറ്റിയിട്ടു. പേടിച്ചുമരിച്ചുപൊകുന്ന അവസ്ഥയിലായിരുന്നെന്ന് താരത്തിന്റെ ഭാര്യ മാജ പിന്നീട് പറഞ്ഞു.

ഡിസംബറില്‍ മാഞ്ചെസറ്റര്‍ സിറ്റി താരം ജോവോ കാന്‍ലസലോയുടെ മാഞ്ചെസ്റ്ററിലെ വീട്ടില്‍ കൊള്ളസംഘമെത്തി. ഭാര്യയുടെയും മകളുടെയും മുന്നില്‍വെച്ച് ആക്രമിച്ചു. കൊള്ള തുടര്‍ക്കഥയായതോടെ അതിനെ പ്രതിരോധിക്കാന്‍ താരങ്ങളും ക്ലബ്ബുകളും ശ്രമം നടത്തി. വീട്ടിലെ സുരക്ഷാസംവിധാനങ്ങള്‍ അത്യാധുനികമാക്കി. അടിയന്തരസാഹചര്യങ്ങളില്‍ കയറിയൊളിക്കാന്‍ പ്രത്യേകം മുറികള്‍ പണിതു. മത്സര ദിവസം താരങ്ങളുടെ വീടുകള്‍ക്ക് ക്ലബ്ബുകളുടെ ചെലവില്‍ സുരക്ഷ ഏര്‍പ്പാടാക്കി. പക്ഷേ, ഇപ്പോഴും കഥ തുടരുന്നു.

വീടു വിറ്റ ഡി മരിയ

പി.എസ്.ജി. താരമായിരുന്ന എയ്ഞ്ചല്‍ ഡി മരിയയുടെ കുടുംബം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ആക്രമിക്കപ്പെട്ടു. നാന്റെസിനെതിരേ മരിയ എവേ ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് പാരീസിലെ വീട്ടിലേക്ക് അക്രമികള്‍ ഇരച്ചെത്തിയത്. ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. നാലരക്കോടിയോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇതേ മത്സര സമയത്ത് മറ്റൊരു പി.എസ്.ജി. താരമായ മാര്‍ക്കിനോസിന്റെ വീട്ടിലും അക്രമികളെത്തി.

ബ്രസീലിയന്‍ താരത്തിന്റെ പിതാവാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികള്‍ ബാറ്റുകൊണ്ട് അദ്ദേഹത്തിന്റെ തലയടിച്ചുപൊട്ടിച്ചു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി കളിക്കവെ, 2015-ല്‍ മരിയയുടെ ചെഷയറിലെ വീടും കൊള്ളയടിക്കപ്പെട്ടിരുന്നു. അതോടെ, 38 കോടിയോളം രൂപ വിലമതിക്കുന്ന വീട് വിറ്റ് മരിയ ഹോട്ടലിലേക്ക് താമസം മാറ്റി.

Content Highlights: Footballers get robbed so far 80 players and families have been victims


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented