ലണ്ടന്‍: യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍നിന്ന് ഒമ്പതു ടീമുകള്‍ പിന്മാറിയെങ്കിലും ആശയക്കുഴപ്പം അവസാനിക്കുന്നില്ല. റയല്‍ മഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ടീമുകള്‍ ലീഗില്‍ ഉറച്ചുനില്‍ക്കുകയാണ്. ലീഗില്‍ നിന്ന് ക്ലബ്ബുകള്‍ക്ക് പിന്മാറാന്‍ കഴിയില്ലെന്ന ചെയര്‍മാന്‍ ഫ്ളോറന്റിനോ പെരസിന്റെ വിശദീകരണം കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.

ആരാധക രോഷത്തെത്തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, ആഴ്സനല്‍, ചെല്‍സി, ലിവര്‍പൂള്‍, ടോട്ടനം, ഇറ്റാലിയന്‍ ക്ലബ്ബുകളായ ഇന്റര്‍മിലാന്‍, എ.സി. മിലാന്‍, സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മഡ്രിഡ് എന്നിവയാണ് പിന്മാറിയത്. യൂറോപ്പിലെ 12 ക്ലബ്ബുകള്‍ ചേര്‍ന്നാണ് ലീഗിന് രൂപം നല്‍കിയത്.

സ്പാനിഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലീഗ് ചെയര്‍മാനും റയല്‍ ക്ലബ്ബ് പ്രസിഡന്റുമായ പെരസ് ക്ലബ്ബുകളുടെ പിന്മാറ്റത്തിനുശേഷമുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്. ക്ലബ്ബുകളും ലീഗും തമ്മിലുള്ള കരാര്‍പ്രകാരം പിന്മാറാന്‍ കഴിയില്ലെന്നാണ് പെരസിന്റെ വാദം. പിന്മാറുന്ന ക്ലബ്ബുകള്‍ക്ക് വലിയ തുക പിഴയായി നല്‍കേണ്ടിവരും. സ്ഥാപക ക്ലബ്ബുകള്‍ക്ക് 84 കോടി രൂപയുടെ ഓഹരിയാണ് ലീഗിലുള്ളത്. മൂന്നുവര്‍ഷംകൊണ്ടാണ് ലീഗിനുള്ള പദ്ധതി തയ്യാറാക്കിയതെന്നും 12 ക്ലബ്ബുകളുടെ നഷ്ടം 56,000 കോടിക്ക് മീതെയാണെന്നും പെരസ് വ്യക്തമാക്കി.

അതേസമയം സൂപ്പര്‍ ലീഗിലേക്കുപോയ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരേ നടപടിവേണമെന്ന വാദം ശക്തമായിട്ടുണ്ട്. യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫറിന്‍ സൂപ്പര്‍ ലീഗിനെതിരേ കഴിഞ്ഞദിവസവും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിഷ്‌കാരം വേണമെന്ന ആവശ്യവുമായി ക്ലബ്ബുകള്‍ രംഗത്തിറങ്ങി.

മാപ്പുപറഞ്ഞ് ടീം ഉടമകള്‍

സൂപ്പര്‍ ലീഗിലേക്ക് പോയതോടെയുയര്‍ന്ന ആരാധകരോഷം കുറയ്ക്കാന്‍ ക്ലബ്ബുടമകള്‍ മാപ്പുപറഞ്ഞു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കോ ചെയര്‍മാന്‍ ജോയല്‍ ഗ്ലേസര്‍, ലിവര്‍പൂള്‍ ഉടമ ജോണ്‍ ഡബ്ല്യു ഹെന്‍ റി, മാഞ്ചെസ്റ്റര്‍ സിറ്റി ചീഫ് എക്സിക്യുട്ടീവ് ഫെറാന്‍ സോറിയാനോ, ടോട്ടനം ചെയര്‍മാന്‍ ഡേവിഡ് ലെവി എന്നിവരാണ് ആരാധകരോട് മാപ്പുപറഞ്ഞത്.

Content Highlights: Florentino Perez on European Super League