ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റെക്കോഡുമായി ഇംഗ്ലണ്ടില്‍ നിന്നുള്ള ടീമുകള്‍. പ്രീ ക്വാര്‍ട്ടറിലേക്ക് അഞ്ച് ഇംഗ്ലീഷ് ക്ലബ്ബുകളാണ് യോഗ്യത നേടിയത്. ഒരു രാജ്യത്തു നിന്ന് ഇത്രയും ക്ലബ്ബുകള്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറിലെത്തുന്നത് ഇത് ആദ്യ സംഭവമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ടോട്ടനം ടീമുകളാണ് നോക്കൗട്ട് സ്‌റ്റേജിലെത്തിയത്. ഇതില്‍ ചെല്‍സി ഒഴികെയുള്ള ടീമുകളെല്ലാം ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് അവസാന പതിനാറിലെത്തിയത്. 2006-2007 സീസണ് ശേഷം ഇത് ആദ്യമായാണ് നാല് ഇംഗ്ലീഷ് ടീമുകള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുള്ള അഞ്ചു ക്ലബ്ബുകള്‍ കളിച്ചതും ആദ്യമായാണ്. ഇതില്‍ കഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗ് കിരീടം നേടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാൻ യോഗ്യത നേടിയത്. 

റയല്‍ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മണ്ടുമടങ്ങുന്ന ഗ്രൂപ്പ് എച്ചില്‍ നിന്ന് 16 പോയിന്റുമായാണ് ടോട്ടനം ചാമ്പ്യന്‍മാരായത്. ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റേത് ടീമിനേക്കാളും പോയിന്റ് കൂടുതലും ടോട്ടനത്തിനാണ്. അതേസമയം ആറു മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളടിച്ചു കൂട്ടിയാണ് ലിവര്‍പൂള്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. 

എഫ്.സി ബാസൽ, പി.എസ്.ജി, ബയറണ്‍ മ്യൂണിക്ക്, എ.എസ് റോമ, ബാഴ്‌സലോണ, യുവന്റസ്, ശക്തര്‍ ഡൊണസ്റ്റക്, സെവിയ്യ, ബെസിക്റ്റാസ്, പോര്‍ട്ടൊ, റയല്‍ മാഡ്രിഡ് എന്നീ ടീമുകളും പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.

Content Highlights: Five English teams into the knockout stage for the first time