റിയാദ്: സൗദിയിലെ ആദ്യ വനിതാ ഫുട്ബോള്‍ ടീം നിലവില്‍ വന്നു. സൗദി സ്‌പോര്‍ട്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് ഖാലിദ് ബിന്‍ വലീദ് ആണ് വനിതാ ഫുട്ബോള്‍ ടീം പ്രഖ്യാപിച്ചത്.

17 വയസ്സിനു മുകളിലുള്ള വനിതകള്‍ക്കായി സൗദി സ്‌പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ആദ്യ സീസണ്‍ മത്സരങ്ങള്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നടത്തും. രാജ്യത്തെ ഓരോ നഗരങ്ങളിലും വനിതാ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തും. അവസാനമത്സരത്തില്‍ വിജയികള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് കപ്പ് നല്‍കും.

സമ്മാനത്തുക അഞ്ച് ലക്ഷം സൗദി റിയാല്‍. വനിതകള്‍ക്കിടയില്‍ സ്‌പോര്‍ട്സ് വ്യാപകമാക്കുന്നതിന്റെ ഭാഗമായി 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഫുട്ബോള്‍ മത്സരങ്ങള്‍, മറ്റു കായിക മത്സരങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. 'ബിയോണ്ട് ഫുട്ബോള്‍' എന്ന ശീര്‍ഷകത്തില്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയില്‍ ശക്തമായ കായിക അടിത്തറ നിര്‍മിക്കും.

Content Highlights: Firts female football team in Saudi Arabia