ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ലിവര്‍പൂള്‍. നിലവിലെ ഒന്നാം സ്ഥാനക്കാരായ ടോട്ടനം ഹോട്‌സ്പറിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ ആഴ്‌സനല്‍ സതാംപ്ടണോട് സമനില വഴങ്ങിയപ്പോള്‍ ലെസ്റ്റര്‍ സിറ്റിയെ എവര്‍ട്ടണ്‍ അട്ടിമറിച്ചു.

സൂപ്പര്‍ താരം മുഹമ്മദ് സല 26-ാം മിനിട്ടില്‍ നേടിയ ഗോളിലൂടെ ലിവര്‍പൂള്‍ ആദ്യം തന്നെ മുന്നില്‍ കയറി. എന്നാല്‍ 33-ാം മിനിട്ടില്‍ സണ്‍ ഹ്യുങ് മിന്നിലൂടെ ടോട്ടനം സമനില പിടിച്ചു. മത്സരം സമനിലയിലേക്ക് കലാശിക്കവേയാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ പിറക്കുന്നത്. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കേ 90-ാം മിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ 12 മത്സരങ്ങൾക്ക് ശേഷം ടോട്ടനം വഴങ്ങുന്ന ആദ്യ തോൽവിയാണിത്.  ഈ വിജയത്തോടെ 13 കളികളില്‍ നിന്നും 28 പോയന്റുകള്‍ നേടി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ടോട്ടനം ഇത്രയും മത്സരങ്ങളില്‍ നിന്നും 25 പോയന്റുകളുമായി രണ്ടാമതാണ്.

ആഴ്‌സനല്‍-സതാംപ്ടണ്‍ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി. തിയോ വാല്‍ക്കോട്ടിലൂടെ സതാംപ്ടണ്‍ ലീഡെടുത്തെങ്കിലും സൂപ്പര്‍ താരം ഔബമെയങ്ങിലൂടെ ആഴ്‌സനല്‍ സമനില ഗോള്‍ നേടി. ഈ സമനിലയോടെ സതാപംടണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍ ആഴ്‌സനലാകട്ടെ 15-ാം സ്ഥാനത്തേക്ക് വീണു. 

ലെസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് എവര്‍ട്ടണിന്റെ വിജയം. റിച്ചാര്‍ലിസണ്‍, മേസണ്‍ ഹോള്‍ഗേറ്റ് എന്നിവര്‍ എവര്‍ട്ടണിനായി സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ടീമിന് സാധിച്ചു. ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്. 

മറ്റു മത്സരങ്ങളില്‍ ഫുള്‍ഹാം ബ്രൈറ്റനോടും ക്രിസ്റ്റല്‍ പാലസ് വെസ്റ്റ് ഹാമിനോടും സമനില വഴങ്ങി. 

Content Highlights: Firmino scores late, Liverpool beat Spurs 2-1 to top EPL