Photo: twitter.com/EURO2024
ലണ്ടന്‍: ചാമ്പ്യന്മാരുടെ പോരാട്ടത്തിന് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇന്ന് പരസ്പരം ഏറ്റുമുട്ടും. രണ്ട് ചാമ്പ്യന്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തെ ഫൈനലിസിമ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇന്ത്യന്‍ സമയം രാത്രി 12.15 ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ചിരവൈരികളായ ബ്രസീലിനെ മുട്ടുകുത്തിച്ചാണ് കിരീടം നേടിയത്. ഇറ്റലിയാകട്ടെ ശക്തരായ ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ കീഴടക്കി കിരീടത്തില്‍ മുത്തമിട്ടു.
ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലീഷ് ആരാധകര്‍ ഇറ്റലിയ്‌ക്കെതിരേ തിരിയുമെന്ന കാര്യത്തില്‍ സംശയമില്ല. പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയാകും ഇറ്റലി ഇന്നിറങ്ങുക. ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനിയുടെ അവസാന അന്താരാഷ്ട്ര മത്സരമാണിത്. 2004-ല്‍ ഇറ്റലിയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ചെല്ലിനി 116 മത്സരങ്ങളില്‍ രാജ്യത്തിനായി ബൂട്ടുകെട്ടി. റോബര്‍ട്ടോ മാന്‍സീനി എന്ന തന്ത്രശാലിയായ പരിശീലകനാണ് ഇറ്റലിയുടെ കരുത്ത്. എന്നാല്‍ സമീപകാലത്തായി ടീം മികച്ച ഫോമിലല്ല. യൂറോകപ്പ് കിരീടം നേടിയെങ്കിലും 2022 ഫിഫ ലോകകപ്പിന് യോഗ്യത നേടാന്‍ മാന്‍സീനിയ്ക്കും സംഘത്തിനും സാധിച്ചില്ല.
മറുവശത്ത് അര്‍ജന്റീന തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായി 31 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീനയുടെ വരവ്. ലയണല്‍ സ്‌കളോനിയെന്ന പരിശീലകന്റെ മികവാണ് ടീമിന്റെ ശക്തി. ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന സുശക്തമായ ടീമാണ്.
മെസ്സി, ലൗട്ടാറോ മാര്‍ട്ടിനെസ്, എയ്ഞ്ജല്‍ ഡി മരിയ എന്നീ താരങ്ങളാണ് അര്‍ജന്റീനയുടെ മുന്നേറ്റനിരയെ സമ്പന്നമാക്കുന്നത്. റോഡ്രിഗോ ഡി പോള്‍, ഗൈഡോ
റോഡ്രിഗസ്, ജിയോവാനി ലോ സെല്‍സോ എന്നിവര്‍ മിഡ്ഫീല്‍ഡര്‍മാരായി നില്‍ക്കും. നിക്കോളാസ് ഒട്ടമെന്‍ഡി നയിക്കുന്ന പ്രതിരോധ നിരയില്‍ ക്രിസ്റ്റിയന്‍ റൊമേരോ, മാര്‍ക്കോസ് അക്യൂന, നഹ്വെല്‍ മോളീന എന്നിവരും സ്ഥാനം നേടും. എമിലിയാനോ മാര്‍ട്ടിനെസായിരിക്കും പതിവുപോലെ ഗോള്‍വല കാക്കുക. പൗലോ ഡിബാല, എയ്ഞ്ജല്‍ കോറിയ, ജോക്വിന്‍ കോറിയസ ജൂലിയാന്‍ അല്‍വാരെസ് തുടങ്ങിയ താരങ്ങളടങ്ങുന്ന പകരക്കാരുടെ നിരയും സുശക്തമാണ്.
സീറോ ഇമ്മൊബിലെ, ഇന്‍സീന്യെ, ഫെഡറിക്കോ കിയേസ എന്നിവരായിരിക്കും ഇറ്റലിയുടെ മുന്നേറ്റനിരയില്‍ അണിനിരക്കുന്നത്. ഡൊമനിക്കോ ബെറാഡിയ്‌ക്കേറ്റ പരിക്ക് ടീമിന് തിരിച്ചടിയാണ്. ബരെല്ല, ജോര്‍ജീന്യോ, വെറാട്ടി എന്നിവര്‍ മധ്യനിരയില്‍ കളിക്കും. ചെല്ലിനി, ബൊനൂച്ചി, എമേഴ്‌സണ്‍, ഫ്‌ലോറെന്‍സി എന്നിവര്‍ പ്രതിരോധനിര കാക്കും. ഡോണറുമ്മയായിരിക്കും ഗോള്‍വലയുടെ രക്ഷകന്‍. 12 പുതുമുഖ താരങ്ങള്‍ ടീമിലുണ്ട്.
Content Highlights: Finalissima 2022, argentina vs italy, argentina match italy match, argentina italy football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..