ന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മുടങ്ങിയതിന്റെ കാരണം വിശദീകരിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അഞ്ചാം ടെസ്റ്റ് മുടങ്ങിയത് വരാനിരിക്കുന്ന ഐ.പി.എല്‍ കാരണമല്ലെന്നും ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതുമൂലമാണ് മത്സരം മാറ്റിവെച്ചതെന്നും ഗാംഗുലി വ്യക്തമാക്കി. 

'ഐ.പി.എല്‍ കാരണമല്ല മത്സരം മുടങ്ങിയത്. ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ മടി കാണിച്ചു. അവരെ കുറ്റം പറയാന്‍ പറ്റില്ല. ഇന്ത്യന്‍ ക്യാമ്പില്‍ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ അവസാനം രോഗം സ്ഥിരീകരിച്ച ജൂനിയര്‍ ഫിസിയോയായ യോഗേഷ് കുമാറുമായി താരങ്ങള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. യോഗേഷിന് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഏവരും പേടിച്ചു. മത്സരം ഒരിക്കലും ഉപേക്ഷിക്കില്ല. എപ്പോള്‍ നടത്താനാകും എന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്' ഗാംഗുലി പറഞ്ഞു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1 ന് മുന്നിട്ടുനില്‍ക്കുയാണ്. മാഞ്ചെസ്റ്ററില്‍ വെച്ച് നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇന്ത്യന്‍ ക്യാമ്പില്‍ നാലാം കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തേ മുഖ്യ പരിശീലകന്‍ രവിശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഈ മാസം 19 ന് പുനരാരംഭിക്കുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റിനുവേണ്ടിയാണ് മത്സരം നീട്ടിവെച്ചതെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ബി.സി.സി.ഐയ്‌ക്കെതിരേ ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗാംഗുലി വിശദീകരണവുമായി രംഗത്തെത്തിയത്. 

Content Highlights: Fifth Test cancelled due to India players' refusal says Ganguly