ലിസ്ബണ്‍: ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിന്റെ യൂറോപ്പ്യന്‍ റൗണ്ടില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ ഫറോ ദ്വീപിനെ ഒന്നിനെതിരെ അഞ്ച് ഗോളിനും ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സിനെ മടക്കമില്ലാത്ത നാല് ഗോളിനുമാണ് തകര്‍ത്തത്.

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സ്ര്‍ലാന്‍ഡിന് പിറകില്‍ രണ്ടാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടി. മൂന്ന്, 29, 64 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. അവസാനത്തേത് പെനാല്‍റ്റിയില്‍ നിന്നുള്ള ഗോളായിരുന്നു. കാര്‍വാലോയും ഒലിവേരയുമാണ് മറ്റ് സ്‌കോറര്‍മാര്‍. ഫറോ ദ്വീപിനുവേണ്ടി റോഗ്‌വി ബാല്‍ഡ്‌വിന്‍സനാണ് ആശ്വാസഗോള്‍ നേടിയത്.

ഏഴ് കളികളില്‍ നിന്ന് പതിനെട്ട് പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്. അന്‍ഡോറയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത സ്വിറ്റ്‌സര്‍ലാന്‍ഡ് 21 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

നെതര്‍ലന്‍ഡ്‌സിനെ മടക്കമില്ലാത്ത നാല് ഗോളിന് തകര്‍ത്ത ഫ്രാന്‍സ് ഏഴ് കളികളിൽ നിന്ന് പതിനാറ് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുന്‍ ലോക ചാമ്പ്യന്മാര്‍ക്കുവേണ്ടി തോമസ് ലെമര്‍ ഇരട്ടഗോള്‍ നേടി. 73, 88 മിനിറ്റുകളിലായിരുന്നു ലെമറിന്റെ ഗോളുകള്‍. ഗ്രീസ്മാനും എംബാപ്പെയുമാണ് മറ്റ് സ്‌കോറര്‍മാര്‍.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ഹംഗറി ലാത്വിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. തമസ് കാദര്‍, സാലായി സുഡ്‌സാക് എന്നിവരാണ് ഹംഗറിയുടെ സ്‌കോറര്‍മാര്‍. ഫ്രെയിമാനിസ് ലാത്വിയക്കുവേണ്ടി ഗോള്‍ നേടി.

ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം ജിബ്രാള്‍ട്ടറിനെ മടക്കമില്ലാത്ത ഒന്‍പത് ഗോളിനും സൈപ്രസ് ബോസ്‌നിയയെ രണ്ടിനെതിരെ മൂന്ന് ഗോളിനും തോല്‍പിച്ചപ്പോള്‍ മുന്‍ യൂറോ ചാമ്പ്യന്മാരായ ഗ്രീസ് എസ്‌തോണിയയോട് ഗോള്‍രഹിത സമനില വഴങ്ങി.

ഗ്രൂപ്പില്‍ ഏഴ് കളികളില്‍ നിന്ന് 19 പോയിന്റുള്ള ബെല്‍ജിയമാണ് ഒന്നാമത്. 13 പോയിന്റുള്ള ഗ്രീസ് രണ്ടാമതാണ്.