ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ബെല്‍ജിയവും സ്‌പെയിനും ജര്‍മനിയും യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും വിജയം സ്വന്തമാക്കിയപ്പോള്‍ യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് സമനിലക്കുരുക്ക്. 

ഇംഗ്ലണ്ടിനെ പോളണ്ടാണ് സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇംഗ്ലണ്ടിനായി നായകന്‍ ഹാരി കെയ്‌നും പോളണ്ടിനായി ഡാമിയാന്‍ സിമാന്‍സ്‌കിയും ഗോള്‍ നേടി. ഇംഗ്ലണ്ട് യോഗ്യതാമത്സരത്തില്‍ വഴങ്ങുന്ന ആദ്യ സമനിലയാണിത്. എങ്കിലും ഗ്രൂപ്പ് ഐ യില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറ് വിജയവും ഒരു സമനിലയുമാണ് ത്രീ ലയണ്‍സിന്റെ അക്കൗണ്ടിലുള്ളത്. 

ജര്‍മനി എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഐസ്ലന്‍ഡിനെ കീഴടക്കി. സെര്‍ജി നാബ്രി, ആന്റോണിയോ റൂഡിഗര്‍, ലിറോയ് സനെ, തിമോ വെര്‍ണര്‍ എന്നിവര്‍ ജര്‍മന്‍ പടയ്ക്ക് വേണ്ടി ഗോള്‍ നേടി. ഈ വിജയത്തോടെ ജര്‍മനി ഗ്രൂപ്പ് ജെ യില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 

ഇറ്റലി എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ലിത്വാനിയയെ കീഴടക്കി. മോയിസ് കീന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജിയാകോമോ റസ്പറോഡി, ജിയോവാനി ഡി ലോറെന്‍സോ എന്നിവരും സ്‌കോര്‍ ചെയ്തു. എഡ്ഗരാസ് ഉറ്റ്കസിന്റെ സെല്‍ഫ് ഗോളും അസൂറികള്‍ക്ക് തുണയായി. ആറു മത്സരങ്ങളില്‍ നിന്നും 14 പോയന്റുകളുമായി ഇറ്റലി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 

സ്‌പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊസോവൊയെ കീഴടക്കി. പാബ്ലോ ഫോര്‍നല്‍സും ഫെറാന്‍ ടോറസും സ്‌പെയിനിന് വേണ്ടി സ്‌കോര്‍ ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വീഡനെ ഗ്രീസ് ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് അട്ടിമറിച്ചു. ഇതോടെ ഗ്രൂപ്പ് ബി യില്‍ സ്‌പെയിന്‍ ഒന്നാം സ്ഥാനത്തും സ്വീഡന്‍ രണ്ടാം സ്ഥാനത്തും തുടരുന്നു.

ബെല്‍ജിയം എതിരില്ലാത്ത ഒരു ഗോളിന് ബെലാറസിനെയാണ് കീഴടക്കിയത്. ഡെന്നീസ് പ്രായെറ്റ് ടീമിനായി വിജയഗോള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യില്‍ ബെല്‍ദിയം ഒന്നാംസ്ഥാനത്ത് തുടരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ വെയ്ല്‍സിനെ താരതമ്യേന ദുര്‍ബലരായ എസ്‌തോണിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

Content Highlights: FIFA Worldcup European qualifier match results