ബര്‍ലിന്‍: ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ യൂറോപ്പ്യന്‍ മേഖലാ പോരാട്ടത്തില്‍ ജര്‍മനിക്കും ഇംഗ്ലണ്ടിനും ജയം. ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന ജര്‍മനി ഫൈനല്‍ റൗണ്ട് സാധ്യത വര്‍ധിപ്പിച്ചു. മാള്‍ട്ടയെ മടക്കമില്ലാത്ത നാല് ഗോളിന് തകര്‍ത്ത ഇംഗ്ലണ്ടും റഷ്യയിലേയ്ക്കുള്ള വഴിയില്‍ മുന്നില്‍ തന്നെയാണ്.

ഗ്രൂപ്പ് സിയില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ചാമ്പ്യന്മായ ജര്‍മനിയുടെ ജയം. ജര്‍മനിക്കുവേണ്ടി ടിമോ വെര്‍ണര്‍ (4), മാറ്റ്‌സ് ഹമ്മല്‍സുമാണ് (88) ജര്‍മനിക്കുവേണ്ടി ഗോളുകള്‍ നേടിയത്. ചെക്കിന്‌വേണ്ടി ദരിദ (78) ഒരു ഗോള്‍ മടക്കി.

ഈ ജയത്തോടെ എല്ലാ കളികളും ജയിച്ച ജര്‍മനിക്ക് 21 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള വടക്കന്‍ അയര്‍ലന്‍ഡിന് ഏഴ് കൡകളില്‍ നിന്ന് 16 പോയിന്റ് മാത്രമാണുള്ളത്. സാന്‍ മരിനോയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് വടക്കന്‍ അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തെത്തിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍വെ അസര്‍ബൈജാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു.

ഗ്രൂപ്പ് എഫില്‍ മാള്‍ട്ടയെ ഏകപക്ഷീയമായ നാല് ഗോൡന് തകര്‍ത്താണ് ഇംഗ്ലണ്ട് വര്‍ധിപ്പിച്ചത് സന്ദര്‍ശകര്‍ക്കുവേണ്ടി ഹാരി കെയ്ന്‍ രണ്ട് ഗോള്‍ നേടി. 53-ാം മിനിറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലുമാണ് കെയ്ന്‍ ഗോള്‍ നേടിയത്. റയാന്‍ ബെര്‍ട്രാന്‍ഡ്, ഡാനി വെല്‍ബെക്ക് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

england

ഈ ജയത്തോടെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഏഴ് കളികളില്‍ നിന്ന് പതിനേഴ് പോയിന്റുണ്ട് അവര്‍ക്ക്. രണ്ടാം സ്ഥാനത്തുള്ള സ്ലോവാക്യയ്ക്ക് 15 പോയിന്റാണുള്ളത്. സ്ലൊവേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് സ്ലോവാക്യ രണ്ടാം സ്ഥാനത്തെത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡ് ലിത്വാനിയയെ തോല്‍പിച്ചത്. മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു സ്‌കോട്ട്‌ലാന്‍ഡിന്റെ ജയം.

ഡെന്‍മാര്‍ക്കിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പ് ഇയില്‍ പോളണ്ട് മുന്നില്‍ തന്നെയാണ്. കോപ്പന്‍ഹേഗനില്‍ മടക്കമില്ലാത്ത നാല് ഗോളിനായിരുന്നു പോളണ്ടിന്റെ തോല്‍വി. എങ്കിലും ഏഴ് കളികളില്‍ നിന്ന് 16 പോയിന്റുള്ള അവര്‍ ഗ്രൂപ്പില്‍ മുന്നിലാണ്. 13 പോയിന്റുള്ള ഡെന്‍മാര്‍ക്ക് മൂന്നാമതാണ്.

ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ റുമാനിയ അര്‍മേനിയയെയും (1-0) മോണ്ടെനെഗ്രോ കസാഖ്‌സ്ഥാനെയും (3-0) തോല്‍പിച്ചു.